ഓര്‍ത്തഡോക്സ് സഭാ സമിതി റിപ്പോര്‍ട്ട് അടുത്ത മാസം; മാത്യൂസ് വാഴക്കുന്നവും ഷൈജു കുര്യനും മൊഴി നല്‍കി
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ അടുത്ത മാസം 10 നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. വൈദികരായ മാത്യൂസ് വാഴക്കുന്നം, ഷൈജു കുര്യന്‍ എന്നിവര്‍ക്കെതിരെയായിരുന്നു സഭാസമിതി അന്വേഷണം നടത്തിയത്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ.വി.എം.എബ്രഹാം വാഴക്കല്‍, അഡ്വ.കെ.കെ.തോമസ് എന്നിവരടങ്ങിയ സഭാ സമിതിക്ക് മുന്‍പാകെയാണ് ഇവര്‍ രണ്ടുപേരും മൊഴി നല്‍കിയത്.
റാന്നി-നിലക്കല്‍ ഭദ്രാസന സെക്രട്ടറിയായ ഷൈജു കുര്യന്‍ ബിജെപി അംഗമായതിനെതിരെ സഭക്കുള്ളില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഭദ്രാസന ആസ്ഥാനത്ത് വിശ്വാസികള്‍ സമരം നടത്തി. ഫാദര്‍ വാഴക്കുന്നം ഷൈജു കുര്യനെതിരെ ലൈംഗിക പീഡന പരാതി പോലീസില്‍ നല്കിയതും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തത് വിവാദമായി. ഇതിനെ തുടര്‍ന്നാണ് വാഴക്കുന്നത്തിനോട് വിശദീകരണം ചോദിച്ചത്. ഇതില്‍ ക്ഷുഭിതനായാണ് വാഴക്കുന്നം ഭദ്രാസനാധിപനെതിരെ തെറിവിളി നടത്തിയത്. വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സമിതിയെ സഭ നിയോഗിച്ചത്. സമിതിക്ക് മുന്‍പില്‍ ഹാജരായി രണ്ട് പേരും മൊഴിയും തെളിവും നല്‍കിയിട്ടുണ്ട്.
നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചതോടെ ഭാഗമായി വാഴക്കുന്നത്തിനെ എല്ലാ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. സഭാ സമിതിയുടെ തീരുമാനം വരട്ടെ. അതിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും-വാഴക്കുന്നത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഭദ്രാസന മെത്രാപോലീത്ത ജോഷ്വ മാര്‍ നിക്കോദിമോസ് ഫാ.വാഴക്കുന്നത്തിനോട് വിശദീകരണം ചോദിച്ചതിന്റെ മറുപടിയായി അദ്ദേഹം പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ‘ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നോട് എന്തെങ്കിലും വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കില്‍, വിശദീകരണം പ്രധാനപ്പെട്ട ചുമതലയിരിക്കുന്ന കോനാട്ട് അച്ചനെ അറിയിച്ചിട്ടുണ്ട്. ഈ നിക്കോദിമോസ് മെത്രാച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ താന്‍ പുറത്തുവിടും. സഭയ്ക്ക് വേണമെങ്കില്‍ വസ്തുകച്ചവടം നടത്തുന്ന അച്ചന്മാരെ കൊണ്ടുനടന്നോളൂ, എന്നെ മുടക്കിക്കോളൂ, നിക്കോദിമോസെ, എടാ ഡാഷ് മോനെ, നിനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലെടാ’.. എന്നിങ്ങനെയായിരുന്നു ഫാ.മാത്യൂസ് വാഴക്കുന്നത്തിന്റെ വിവാദ ശബ്ദരേഖയില്‍ പറഞ്ഞിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here