ഫാ.വാഴക്കുന്നത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ജോണ്‍ പോള്‍ കോറെപ്പിസ്‌കോപ്പ ചെയര്‍മാനായ കമ്മീഷന്റെ നിയമനം ഇന്നുണ്ടാകും; ഓര്‍ത്തഡോക്‌സ് സഭ മെത്രാന്‍ സിനഡ് 12ന്
പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസന ബിഷപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ വൈദികന്‍ മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുണ്ടായേക്കും. ഈ മാസം പന്ത്രണ്ടിന് ചേരുന്ന മെത്രാന്‍ സിനഡ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. ഒരു ബിഷപ്പിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ വൈദികനെ വച്ചുപൊറുപ്പിക്കാനാവില്ല എന്ന നിലപാടിലാണ് സഭാനേതൃത്വം. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം വേണമെന്ന വാഴക്കുന്നത്തിന്റെ ആവശ്യ പ്രകാരം സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൂടിക്കാഴ്ചയ്ക്ക് ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്.
ഭദ്രാസന മെത്രാപോലീത്ത ജോഷ്വ മാര്‍ നിക്കോദിമോസ് ഫാ.വാഴക്കുന്നത്തിനോട് വിശദീകരണം ചോദിച്ചതിന്റെ മറുപടിയായി അദ്ദേഹം പുറത്തു വിട്ട ശബ്ദരേഖ വൈറലായിരുന്നു. ‘ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നോട് എന്തെങ്കിലും വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കില്‍, വിശദീകരണം പ്രധാനപ്പെട്ട ചുമതലയിരിക്കുന്ന കോനാട്ട് അച്ചനെ അറിയിച്ചിട്ടുണ്ട്. ഈ നിക്കോദിമോസ് മെത്രാച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ താന്‍ പുറത്തുവിടും. സഭയ്ക്ക് വേണമെങ്കില്‍ വസ്തുകച്ചവടം നടത്തുന്ന അച്ചന്മാരെ കൊണ്ടുനടന്നോളൂ, എന്നെ മുടക്കിക്കോളൂ, നിക്കോദിമോസെ, എടാ ഡാഷ് മോനെ, നിനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലെടാ’.. എന്നിങ്ങനെയായിരുന്നു ഫാ.മാത്യൂസ് വാഴക്കുന്നത്തിന്റെ വിവാദ ശബ്ദരേഖയില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചുകൊണ്ടുളള കാതോലിക്ക ബാവയുടെ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കാനിടയുണ്ട്. ഫാ. ജോണ്‍ പോള്‍ കോറെപ്പിസ്‌കോപ്പ ചെയര്‍മാനായ കമ്മീഷനില്‍ മറ്റ് രണ്ടംഗങ്ങള്‍ കൂടിയുണ്ട്. അഡ്വ.മനോജ് മാത്യുവാണ് കണ്‍വീനര്‍. മറ്റൊരു വൈദികനും കമ്മീഷനിലുണ്ടാകും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായിരുന്ന ഷൈജു കുര്യന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതിനെതിരെ വിശ്വാസികളുടെ ഭാഗത്തു നിന്നും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഒരു സംഘം വിശ്വാസികളും വൈദികരും നിലയ്ക്കല്‍ ഭദ്രാസന ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു.
വീട്ടമ്മയോട് ലൈംഗിക ചുവയോടെ ഷൈജു കുര്യന്‍ സംസാരിച്ചുവെന്ന ആരോപണം വാര്‍ത്താ ചാനലിലെ ചര്‍ച്ച പരിപാടിയില്‍ ഫാ.വാഴക്കുന്നം ഉന്നയിച്ചിരുന്നു. വൈദികര്‍ ചേരി തിരിഞ്ഞ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത് സഭയെ കടുത്ത നാണക്കേടിലെത്തിച്ചിരുന്നു. ഷൈജു കുര്യനെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചതിനു പുറമേയാണ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര കമ്മീഷനെ നിയമിക്കുന്നത്. രണ്ട് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സിപിഎം സഹയാത്രികനായ മാത്യൂസ് വാഴക്കുന്നവും ഷൈജു കുര്യനും തമ്മില്‍ ഏറെക്കാലമായുള്ള ഭിന്നതയാണ് വിഴുപ്പലക്കലിന് കാരണമെന്ന് സഭാനേതൃത്വം വിലയിരുത്തുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here