നഗ്‌നതാപ്രദര്‍ശനത്തില്‍ വൈദികനെതിരെ നടപടി; സസ്‌പെന്‍ഡ് ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ, ചുമതലകളില്‍ നിന്നും ഒഴിവാക്കി
കോട്ടയം: ട്രെയിനില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഫാ. ജേജിസ് (48) എന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ മാറ്റിനിര്‍ത്തിയതായി സഭാ വക്താവും കാതോലിക്ക ബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സഭ ഒരു കമ്മീഷനെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മംഗളുരുവില്‍ നിന്നും പുറപ്പെട്ട എഗ്‌മോര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. ഇയാള്‍ കോയമ്പത്തുര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയാണ്.ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ഫാ.ജേജിസ് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍ഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.
2018 ല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ കുമ്പസാര രഹസ്യം ചോര്‍ത്തി തിരുവല്ലാ സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് വൈദികരെ അറസ്റ്റ് ചെയ്തിട്ടു പോലും നടപടി എടുക്കാതെ സഭാ നേതൃത്വം ഒളിച്ചു കളിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഈ നാല് പേരും ഇപ്പോഴും സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here