ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടി, ഫാ.ഷൈജു കുര്യനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

പത്തനംതിട്ട: ബിജെപിയില്‍ അംഗത്വമെടുത്ത ഓര്‍ത്തഡോക്‌സ് വൈദികനെതിരെ പ്രതിഷേധം കടുത്തതോടെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായി സഭാനേതൃത്വം. ഭദ്രാസന ആസ്ഥാനത്തടക്കം വിശ്വാസികള്‍ നടത്തിയ സമര പരമ്പരകള്‍ക്കൊടുവില്‍ ഫാ.ഷൈജു കുര്യനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിവാക്കി. റാന്നി – നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായിരുന്ന ഫാദര്‍ ഷൈജു കുര്യന്‍ വഹിച്ചിരുന്ന എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ യോഗം ആണ് തീരുമാനിച്ചത്. കഴിഞ്ഞ മാസം 30നാണ് കേന്ദ്ര മന്ത്രി വി. മുരളിധരനില്‍ നിന്ന് ഷൈജു കുര്യന്‍ ബിജെപി അംഗത്വമെടുത്തത്. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു.

ഷൈജു കുര്യന്‍ വഹിച്ചിരുന്ന നിലയ്ക്കല്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ നിയമിക്കുവാന്‍ തീരുമാനിച്ചു. ഇത് കൂടാതെ നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷന്റെ നടത്തിപ്പ് ചുമതലകളില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയതായി ഭദ്രാസന പി.ആര്‍.ഒ. ഫാ.സോബിന്‍ സാമുവേല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഷൈജു കുര്യനെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് കിട്ടിയ പരാതിയില്‍ അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിക്കും. രണ്ടു മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ കാലഘട്ടത്തില്‍ ഭദ്രാസന സെക്രട്ടറിയെ എല്ലാവിധ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനും തീരുമാനിച്ചതായി പിആര്‍ഒ പറഞ്ഞു.

ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പരസ്യപ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി വൈദികര്‍ ഉള്‍പ്പെടെ എത്തിയതോടെ ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നു. ഷൈജു കുര്യനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസില്‍ പരാതി വന്നതും സഭാനേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഒരുതരത്തിലും സംരക്ഷിക്കാനാകാത്ത സാഹചര്യത്തിലാണ് നടപടി ഉണ്ടായതെന്ന് വ്യക്തം. ആരാധനക്കോ ശുശ്രൂഷകള്‍ക്കോ വിലക്കില്ല.

ഇയാള്‍ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വാസികളില്‍ നിന്നും വൈദികരില്‍ നിന്നും സഭാനേതൃത്വത്തിന് ലഭിച്ചത്. ഇതടക്കം വിഷങ്ങളില്‍ ഫാ. ഷൈജു കുര്യന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴായിരുന്നു ബിജെപി പ്രവേശനം. വ്യക്തിപരമായി അവധി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഫാദര്‍ ഷൈജു കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും, ഏത് തരത്തിലുള്ള അന്വേഷണത്തിലും തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top