വൈദികന്റെ ബിജെപി പ്രവേശം തള്ളി ഓര്‍ത്തഡോക്‌സ് സഭ; ഉടന്‍ നടപടിയെന്ന് ജോഷ്വാ മാര്‍ നിക്കോദിമോസ് മാധ്യമ സിന്‍ഡിക്കറ്റിനോട്

പത്തനംതിട്ട: വൈദികൻ ബിജെപിയിൽ ചേർന്നതിനെ തള്ളി ഓർത്തഡോക്സ് സഭ. വൈദികർ രാഷ്ട്രിയപാർട്ടിയിൽ അംഗത്വം എടുക്കുന്നത് സഭ അനുവദിക്കില്ല. മലങ്കര ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി കൂടിയാണ് ഇന്ന് ബിജെപിയിൽ ചേർന്ന ഫാദർ ഷൈജു കുര്യൻ. ഇത് അംഗീകരിക്കില്ലെന്നും വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സഭയില്‍ അറിയിച്ച ശേഷമാണ് അംഗത്വം സ്വീകരിച്ചതെന്ന ഷൈജു കുര്യന്റെ പ്രസ്താവന ശരിയല്ല. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭാ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസും ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതും പരിശോധിക്കുമെന്ന് ജോഷ്വാ മാര്‍ നിക്കോദീമോസ് പ്രതികരിച്ചു.

ഇന്ന് പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹ സംഗമത്തിലാണ് വൈദികനും സഭാ വിശ്വാസികളെന്ന് അവകാശപ്പെട്ട് 47 പേരും ബിജെപിയിൽ അംഗത്വം എടുത്തത്. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ക്രൈസ്തവരെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ക്രിസ്ത്യന്‍ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുകയും വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മുന്‍വര്‍ഷത്തിലേത് പോലെ ക്രിസ്മസ് ദിനത്തിലടക്കം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരേയും വിശ്വാസികളേയും ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് വൈദികൻ്റെ പാർട്ടിപ്രവേശനം ഒത്തുകിട്ടിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് ബിജെപിയില്‍ ചേർന്നതെന്ന് ഫാ. ഷൈജു കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 10 വര്‍ഷത്തെ മോദി ഭരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയെ മികച്ച നിലയിലാണ് എത്തിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവരെ മോദി ചേര്‍ത്തു നിര്‍ത്തിയ കാഴ്ച ഏറെക്കാലമായി ആഗ്രഹിച്ചതാണ്. മണിപ്പൂരിലടക്കം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഷൈജു കുര്യന്‍ പറയുന്നു. തൻ്റെ ബിജെപി പ്രവേശനം സഭ നേതൃത്വവുമായി ചര്‍ച്ച ചെയ്തതായും ഷൈജു കുര്യന്‍ അവകാശപ്പെടുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top