ഹനുമാൻ ജയന്തി യാത്ര അനുവദിച്ചില്ല, അതുപോലെ കുരിശിൻ്റെ വഴിയും… കേന്ദ്രമന്ത്രിയുടെ വാദത്തിൽ കഴമ്പെത്ര

ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പതിവുള്ള ഓശാന ഞായർ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടി വിവാദമായതോടെയാണ് വിശദീകരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ മാധ്യമങ്ങളെ കണ്ടത്. സുരക്ഷാ കാരണങ്ങളും ഗതാഗത പ്രശ്നങ്ങളും കാരണമാണ് പ്രദക്ഷിണം അനുവദിക്കാത്തത് എന്നാണ് പോലീസ് നടപടിയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഹനുമാൻ ജയന്തി യാത്രക്കും പോലീസ് അനുമതി നൽകിയില്ല എന്ന് ഇതേ വിശദീകരണത്തിൽ ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.

രണ്ടു പരിപാടിയോടും ഒരേ സമീപനമാണ് പോലീസ് സ്വീകരിച്ചതെന്ന കേന്ദ്രമന്ത്രിയുടെ ഈ വാദത്തിൽ പ്രത്യക്ഷത്തിൽ തന്നെ അപാകതയുണ്ട്. ഹനുമാൻ ജയന്തി യാത്രക്കിടെ 2022ൽ ഡൽഹി ജഹാംഗീർപുരിയിൽ ഉണ്ടായ അക്രമങ്ങളെ തുടർന്നാണ് പിന്നീടിങ്ങോട്ട് ഒരുതവണയും പോലീസ് അനുമതി നൽകാത്തത്. ഈ പരിപാടിക്ക് അനുമതി തേടി കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ എത്തിയ ഒരു ഹർജിക്ക് മറുപടിയായും ഡൽഹി പോലീസ് ഇക്കാര്യം അറിയിച്ചിരുന്നു. അപേക്ഷ വീണ്ടും പരിഗണിക്കാൻ കോടതി നിർദേശിച്ചിട്ടും പോലീസ് അനുവദിച്ചതുമില്ല.

പോലീസുകാരും നാട്ടുകാരുമടക്കം പത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ആസൂത്രിത അക്രമമെന്ന് കണ്ടെത്തി പോലീസ് കേസ് ചാർജു ചെയ്യുകയും ചെയ്ത ഇതേ പരിപാടിയുമായി താരതമ്യം ചെയ്താണ് ഓശാന ഞായറിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ ബിജെപി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത് എന്നതാണ് ഏറ്റവും പ്രകടമായ വിരോധാഭാസം. ഓൾഡ് ഡൽഹി സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്കുള്ള ഏഴുകിലോമീറ്ററോളം ദൂരത്താണ് പ്രദക്ഷിണം നടത്താൻ അനുമതിക്ക് അപേക്ഷിച്ചത്.

ക്രൈസ്തവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച പള്ളിയാണ് ഇത്. ഡൽഹി പോലീസിൻ്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ് എന്നതിനാലാണ് ഈ വിഷയത്തിൽ ബിജെപി പ്രതിരോധത്തിലാകുന്നത്. അതുകൊണ്ടാണ് ക്രൈസ്തവ വിഭാഗങ്ങളുമായി നല്ല ബന്ധത്തിൽ തുടരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യനെ രംഗത്തിറക്കി വിശദീകരണത്തിന് ശ്രമിച്ചത്. അതാണ് പ്രത്യക്ഷത്തിൽ തന്നെ ഈവിധം തുറന്നുകാട്ടപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top