AI വന്നതോടെ കൂട്ട പിരിച്ചുവിടൽ; രണ്ട് വർഷത്തിനിടെ തൊഴിൽ നഷ്ടമായത് നാലേകാൽ ലക്ഷം പേർക്ക്
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിക്കുന്നത് ആഗോളതലത്തിൽ ലക്ഷക്കണക്കിന് പേരുടെ ജോലി നഷ്ടമാകാൻ കാരണമാകുന്നെന്ന് റിപ്പോര്‍ട്ട്. ഐടി കമ്പനികളിൽ നിന്നാണ് കൂടുതൽപ്പേർക്കും ജോലി നഷ്ടമായിരുക്കുന്നത്. രണ്ട് വർഷത്തിനിടയിൽ എഐ പകരംവച്ചത് 4.25 ലക്ഷം ഐടി ജീവനക്കാരെയാണ്. അതിൽ തന്നെ 36000 പേർ ഇന്ത്യയിലുമാണ്.
എഐ വന്നതോടെ ഈ വർഷം മെയ് വരെ മാത്രം ഇന്ത്യയിൽ 4000 പേർക്കാണ് ജോലി നഷ്ടമായത്. സോഫ്റ്റ്‌വെയർ കമ്പനിയായ ‘അസാൻ’ ജീവനക്കാരുടെ ഇടയിൽ നടത്തിയ പഠനത്തിൽ മനുഷ്യർ നിലവിൽ ചെയ്യുന്ന 29 ശതമാനം ഐടി ജോലികൾ എഐ ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്നു. എന്നാൽ ജീവനക്കാർക്ക് പകരം എഐ ഉപയോഗിക്കാതെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഐ ഉപയോഗിക്കുന്ന 750 കമ്പനികളിൽ ‘റെസ്യുമെ ബിൽഡേഴ്‌സ്’ വെബ്സൈറ്റ് നടത്തിയ സർവ്വേ പ്രകാരം 37 ശതമാനം കമ്പനി മേധാവികളും പറയുന്നത് ജീവനക്കാർക്ക് പകരം എഐ ഉപയോഗിക്കുന്നുവെന്നാണ്. അടുത്ത വർഷം കൂടുതൽപ്പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് 44 ശതമാനം കമ്പനി മേധാവികൾ പ്രതികരിച്ചിട്ടുണ്ട്. എഐ സാങ്കേതിക വിദ്യ ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടതെന്നും അതിന്റെ സാധ്യത തിരിച്ചറിയേണ്ടത് അത്യാവശ്യമാണ് എന്നുമാണ് വിലയിരുത്തൽ.
ഐടി കമ്പനികള്‍ മാത്രമല്ല ഫിനാൻഷ്യൽ കമ്പനികളും എഐയിലേക്ക് തിരിയുന്നത് പിരിച്ചുവിടൽ രൂക്ഷമാക്കുന്നുണ്ട്. അടുത്തിടെ ഓൺലൈൻ ബാങ്കിങ് സ്ഥാപനമായ പേടിഎം 1000 പേരെ പറഞ്ഞുവിട്ടിരുന്നു. സമൂഹമാധ്യമ പ്ലാറ്റുഫോമുകൾ, ഗെയിമിംഗ് കമ്പനികൾ എജ്യുടെക് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലയിലും എഐ മനുഷ്യരെ പകരംവയ്ക്കുന്നത് കൂടുതൽ പിരിച്ചുവിടലുകൾക്ക് വഴിവയ്ക്കുമെന്നാണ് കണക്കാക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here