ഓക്സിജനും ലെനോവക്കും തിരിച്ചടി; കേടായ ലാപ്ടോപിന് ഒരുലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
കൊച്ചി: വാങ്ങി ഒരാഴ്ചക്കുള്ളിൽ കേടായ ലാപ്ടോപ്, മാറ്റിനൽകാത്തതിൻ്റെ പേരിൽ പ്രമുഖ ഡിജിറ്റൽ ഉൽപന്ന വിതരണക്കാരായ ഓക്സിജനും നിർമാണ കമ്പനിയായ ലെനോവയ്ക്കുമെതിരെ നടപടി. ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ്റെ ഉത്തരവ്. വടക്കൻ പറവൂർ സ്വദേശി ടി.കെ.സെൽവൻ്റെ എട്ടുവർഷം നീണ്ട നിയമപോരാട്ടമാണ് ഫലംകണ്ടത്.
വിദ്യാഭ്യാസ ആവശ്യത്തിന് എസ്.സി, എസ്.ടി. കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്താണ് സെൽവൻ 2015ൽ ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ലാപ്ടോപ് തകരാറിലായതിനെ തുടർന്ന് പലതവണ ഓക്സിജനുമായും ലെനോവയുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അക്സിഡന്റൽ ഡാമേജ്, ഓൺസൈറ്റ് വാറണ്ടി എന്നിവ ലാപ്ടോപ് വാങ്ങുമ്പോൾ തന്നെ സെൽവൻ എടുത്തിരുന്നു. എന്നിട്ടും നഷ്ടം പരിഹരിക്കാൻ എതിർകക്ഷികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. വാറന്റി കാലയളവിനുള്ളിലാണ് ലാപ്ടോപ് ഉപയോഗശൂന്യമായതെന്ന് സ്ഥിരീകരിച്ച് കമ്മിഷൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകുകയും ചെയ്തു.
2015ൽ പരാതി സ്വീകരിച്ച് കമ്മിഷൻ നടപടി തുടങ്ങിയിട്ടും ഓക്സിജനോ ലെനോവയോ കേസിൽ സഹകരിക്കാൻ തയ്യാറായില്ല. ഇക്കാരണത്താൽ കേസ് നീണ്ടുപോകുകയായിരുന്നു. ഇതും കണക്കിലെടുത്താണ് നഷ്ടപരിഹാരത്തിനുള്ള നിർണായക ഉത്തരവ്. ലാപ്ടോപിന്റെ വിലയായ അമ്പത്തൊന്നായിരം രൂപ തിരികെ നൽകണം. സേവനം നൽകാത്തതിൻ്റെ പേരിൽ 40,000 രൂപയും കേസിൻ്റെ ചിലവ് കണക്കാക്കി 10,000 രൂപയും നൽകാനാണ് ഡി.ബി.ബിനു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ ഉത്തരവ്. 30 ദിവസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ 2015ൽ പരാതി നൽകിയ ദിവസം മുതലുള്ള കാലയളവ് കണക്കാക്കി ഒൻപത് ശതമാനം പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here