ഫഹദ് ഫാസില്‍ ചിത്രങ്ങളുടെ നിര്‍മാണം ഏറ്റെടുത്ത് രാജമൗലി; വരുന്നു ‘ഓക്‌സിജന്‍’, ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’; ഫസ്റ്റ് ലുക്കുകള്‍ എത്തി
സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകനും തെലുങ്ക് നിര്‍മാതാവുമായ എസ്.എസ്. കാര്‍ത്തികേയ തന്റെ വരാനിരിക്കുന്ന രണ്ട് പ്രോജക്ടുകളായ ഓക്‌സിജന്‍, ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ എന്നിവയുടെ പോസ്റ്ററുകള്‍ റിലീസ് ചെയ്തു. രണ്ട് ചിത്രങ്ങളിലും മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍ നായകനായി എത്തുമെന്നതാണ് ഈ പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്.
ഓക്സിജന്റെ ഫസ്റ്റ് ലുക്കില്‍, കൊവിഡ് മഹാമാരിക്കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മാസ്ക് ധരിച്ച് തീവ്രമായ നോട്ടത്തോടെയുള്ള ഫഹദിനെയാണ് കാണാനാകുക. കോവിഡ് ചികിത്സയ്ക്കിടെ ജീവന്‍ രക്ഷിക്കുന്ന മെഡിക്കല്‍ ഓക്സിജന്റെ അഭാവം മൂലം ആളുകള്‍ അഭിമുഖീച്ച ഭീകരതയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നു പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് കാര്‍ത്തികേയ പറഞ്ഞു. സിദ്ദാര്‍ത്ഥ നദേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഓക്സിജന്റെ നേര്‍വിപരീതമാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന ചിത്രം എന്നാണ് മനസിലാകുന്നത്. ഫാന്റസി ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു പോലീസ് വാഹനത്തിന് മുകളില്‍ കയറിയിരിക്കുന്ന ഫഹദിനെയും ഒരു ചെറിയ പെണ്‍കുട്ടിയെയും കാണാം. പെണ്‍കുട്ടിയുടെ കയ്യില്‍ ഒരു മാന്ത്രിക ദണ്ഡുമുണ്ട്. ശശാങ്ക് യെല്ലെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ നിര്‍മാതാക്കളായ അര്‍ക്ക മീഡിയവര്‍ക്‌സുമായി ചേര്‍ന്നാണ് കാര്‍ത്തികേയ ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here