അനുപമയ്ക്ക് യൂട്യൂബ് വരുമാനം നിലച്ചത് നിരാശയായി; ഇരുപതുകാരി കിഡ്‌നാപ്പിങ് ടീമിലായത് ഇങ്ങനെ

കൊല്ലം: മാതാപിതാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയില്‍ അനുപമ പങ്കാളിയായത് ഒന്നര മാസം മുമ്പ് മാത്രമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരു വര്‍ഷം മുമ്പ് തന്നെ അച്ഛന്‍ പത്മകുമാറും അമ്മ അനിതകുമാരിയും കുട്ടികളെ കടത്തിക്കൊണ്ടുപോയി പണം തട്ടാനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സ്വന്തം യൂട്യൂബ് ചാനലുമായി സജീവമായിരുന്ന അനുപമ ഈ നീക്കത്തില്‍ പങ്കാളിയായില്ല. ഇക്കഴിഞ്ഞ ജൂലൈയില്‍ യൂട്യൂബ് അക്കൗണ്ട് ഡീമോണിറ്റൈസ് ആയതോടെയായിരുന്നു അനുപമയും ഈ ആസൂത്രണത്തില്‍ പങ്കാളിയായത്. അഞ്ചു ലക്ഷം സബ്‌സ്‌ക്രൈബേഴ്സാണ് അനുപമയുടെ അക്കൗണ്ടിനുള്ളത്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മാസവരുമാനവും ഇതില്‍ നിന്ന് ലഭിച്ചിരുന്നു. വരുമാനം നിലച്ചതോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം അനുപമ ചേര്‍ന്നതെന്ന് എഡിജിപി അജിത്ത് കുമാര്‍ പറഞ്ഞു.

അനുപമ പത്മന്‍ എന്ന യൂട്യൂബ് ചാനലാണ് ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പതിനയ്യായിരം പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍, ഫാഷന്‍, ബിസിനസ് രംഗത്തെ താര കുടുംബമായ കര്‍ദാഷിയന്‍സാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രധാന വിഷയം. ഇംഗ്ലീഷിലൂടെയുള്ള അവതരണം ശ്രദ്ധേയമാണ്. വളര്‍ത്തുനായകളുമായുള്ള വീഡിയോകളുമുണ്ട്. കൈലി, കെന്‍ഡാല്‍ തുടങ്ങിയ താരങ്ങളുടെ വീഡിയോകള്‍ യൂട്യൂബ് ഷോര്‍ട്ട്‌സായി ചാനലിലൂടെ പോസ്റ്റ് ചെയ്തപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന തനിക്ക് വീട്ടില്‍ 27 നായകളുണ്ടെന്നാണ് സ്വന്തം വെബ്സൈറ്റിലൂടെ അനുപമ അവകാശപ്പെടുന്നത്. തെരുവുനായ്ക്കളെ സംരക്ഷിക്കാനാണ് ആഗ്രഹമെങ്കിലും സാമ്പത്തിക പരിമിതികളുണ്ടെന്ന് വെബ് സൈറ്റില്‍ പറയുന്നുണ്ട്. അനുപമയുടെ നഴ്‌സിങ്ങ് പഠനത്തിനായി തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നായിരുന്നു പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് പ്രതികള്‍ മാറ്റി. വീഡിയോകളില്‍ ഒരിടത്തും തന്റെ പഠനത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശവും അനുപമ നടത്തിയിട്ടില്ല.

Logo
X
Top