പത്മകുമാര്‍ വിധേയനായത് മാരത്തണ്‍‌ ചോദ്യം ചെയ്യലിന്; മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുന്നു

കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാര്‍ വിധേയനായത് മാരത്തണ്‍‌ ചോദ്യം ചെയ്യലിന്. ചോദ്യംചെയ്യൽ ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പാണ് വേദി. എഡിജിപി, ഡിഐജി എന്നിവർ ക്യാമ്പില്‍ തുടരുകയാണ്. മറ്റ് ഉദ്യോ​ഗസ്ഥർക്ക് രാവിലെ തിരികെ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി 9.30-ന് എഡിജിപി എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യംചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കി. പത്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂരിലെ കവിതാരാജിൽ പത്മകുമാര്‍, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പത്മകുമാറിലെത്തിയത്. മകളുടെ നഴ്സിങ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top