പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; പുറത്ത് പോയവര്‍ക്ക് സ്ഥാനങ്ങള്‍ വാങ്ങി നല്‍കിയത് താന്‍; പത്തനംതിട്ട കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പി.ജെ.കുര്യന്‍

ഡല്‍ഹി : പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോയും തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. നവകേരള സദസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത ബാബു ജോര്‍ജ്ജും, സജി ചാക്കോയും പി.ജെ.കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് തങ്ങള്‍ക്കെതിരായ നടപടി കോണ്‍ഗ്രസ് പിന്‍വലിക്കാത്തതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള ആദ്യ പ്രതികരണമാണ് പി.ജെ.കുര്യന്‍ ഡല്‍ഹിയില്‍ നിന്നും മാധ്യമ സിന്‍ഡിക്കറ്റിനോട് നടത്തിയത്

സ്ഥാനങ്ങള്‍ വാങ്ങി നല്‍കിയത് താന്‍

ബാബു ജോര്‍ജ്ജിനെ പത്തനംതിട്ട ഡിസിസി പ്രസിഡന്റാക്കിയതും സജി ചാക്കോയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പി.ജെ.കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇവരെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് കെപിസിസി പുറത്താക്കിയത്. പുറത്താക്കുന്ന സമയത്ത് തന്നോട് ഒരു അഭിപ്രായവും ആരും ചോദിച്ചിട്ടില്ല. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടിയെ സമീപിച്ചിരുന്നു. താന്‍ പങ്കെടുത്ത ഒരു യോഗത്തില്‍ മാത്രമാണ് തിരിച്ചെടുക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്തത്. ആ കെപിസിസി യോഗത്തില്‍ സജി ചാക്കോയുടെ കാര്യം മാത്രമാണ് പരിഗണനയ്ക്ക് വന്നത്. അന്ന് സജി ചാക്കോ പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചെടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഇതെല്ലാം രേഖയിലുള്ള കാര്യമാണ്. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും കുര്യന്‍ പറഞ്ഞു. ബാബു ജോര്‍ജ്ജിന്റെ കാര്യം താന്‍ പങ്കെടുത്തിരുന്ന ഒരു കമ്മറ്റിയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ മറുപടി പറയും

തനിക്കെതിരെ അനാവശ്യമായ കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വാര്‍ത്താസമ്മേളനം നടത്തി മറുപടി പറയുമെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു. താന്‍ ബിജെപിയില്‍ പോകുമെന്ന് നേതൃത്വത്തെ ഭീഷണിപ്പെടുത്തി, കോണ്‍ഗ്രസിന്റെ ക്രൈസ്തവ മുഖം എന്നെല്ലാം പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. ഇവയെല്ലാം എവിടെയാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ചവര്‍ തന്നെ പറയണം. ഇപ്പോള്‍ നവകേരള സദസ്സില്‍ പങ്കെടുത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ നാളുകളായി അനാവശ്യമായ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുകയാണ്. എന്നാല്‍ പരസ്യ പ്രതികരണം പാടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശമുള്ളതിനാലാണ് ഇതുവരേയും മിണ്ടാതിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ അനാവശ്യ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ മറുപടി പറയുമെന്നും കുര്യന്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സജി ചാക്കോയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പുറത്താക്കിയത്. ബാബു ജോര്‍ജ്ജ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് എ ഗ്രൂപ്പ് കത്ത് നല്‍കിയിട്ടും ഇതുവരേയും നടപടിയുണ്ടായിട്ടില്ല. കെപിസിസിക്ക് ഇത്തരമൊരു കത്ത് നല്‍കിയതായി എ ഗ്രൂപ്പ് നേതാവ് കെ.സി.ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി തീരുമാനം വൈകി. പി.ജെ.കുര്യനെക്കുറിച്ച് പുറത്താക്കിയവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top