സിപിഎം -ജമാഅത്തെ ഇസ്ലാമി ബന്ധം മിണ്ടാതെ പി.ജയരാജൻ്റെ പുസ്തകം; വോട്ടിനായി പാലമിട്ടെന്ന് ലീഗിന് വിമർശനം; ദേശാഭിമാനിയുടെ പ്രശംസയിലും മിണ്ടാട്ടമില്ല
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ടീയ നിലപാടുകളെ രൂക്ഷമായി തൻ്റെ പുസ്തകത്തിൽ വിമർശിക്കുന്ന സിപിഎം നേതാവ് പി ജയരാജൻ, സിപിഎം ജമാ അത്തേ ഇസ്ലാമിയുമായി നടത്തിയിട്ടുള്ള രാഷ്ടീയ കൂട്ടുകെട്ടുകളെക്കുറിച്ച് മൗനത്തിലാണ്. പകരം മുസ്ലീംലീഗ് ബന്ധമുണ്ടാക്കിയെന്ന് ആരോപിച്ച് രൂക്ഷവിമർശനവും ഉന്നയിക്കുന്നുണ്ട്. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുറത്തിറക്കുന്ന ‘കേരളം: മുസ്ലീം രാഷ്ടീയം, രാഷ്ടീയ ഇസ്ലാം’ എന്ന ജയരാജൻ്റെ പുസ്തകത്തിൽ മുസ്ലീം രാഷ്ട്രീയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും സിപിഎം ഇത്തരം സംഘടനകളുമായി കാലാകാലങ്ങളിൽ നടത്തിയ സഖ്യങ്ങളെക്കുറിച്ച് വിദൂരമായ സൂചന പോലും നൽകാൻ ജയരാജൻ ധൈര്യം കാണിച്ചിട്ടില്ല.
‘തിരഞ്ഞെടുപ്പിൽ പങ്കെടുക്കലും വോട്ടുചെയ്യലും കേരളത്തിലും ജമാ അത്തെ ഇസ്ലാമി വിലക്കിയിരുന്നു. അവർ പറയുന്നത് നോക്കൂ- “തിരഞ്ഞെടുപ്പിൽ പങ്കെടുക്കൽ ലൗകികമായും (ദുൻവിയായും) ദീനിയായും (ഭരണപരമായും) മുസ്ലീങ്ങൾക്ക് ആപൽക്കരമാണ് എന്നാണ് നമ്മുടെ അഭിപ്രായം. അതിനാൽ ബോധപൂർവം വിട്ടുനിൽക്കുന്നതാണ് നല്ലത്. മാത്രമല്ല, ഇസ്ലാമികേതര ഭരണത്തിന് വേണ്ടി വോട്ടു ചെയ്യൽ പോലും മുസ്ലീങ്ങൾക്ക് നിഷിദ്ധവും ശിർക്കുമാണെന്ന് അവർ വാദിച്ചു”- ഇങ്ങനെയാണ് ജയരാജൻ പുസ്തകത്തിൽ ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് എഴുതിയിരിക്കുന്നത്.
ഇതേ സംഘടന ദീർഘകാലം സംസ്ഥാനത്തെ സിപിഎമ്മിനെ പരസ്യമായി പിന്തുണച്ച കാര്യം പരാമർശിക്കാതിരിക്കാൻ ജയരാജൻ ശ്രദ്ധിച്ചിട്ടുണ്ട്. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ജമാഅത്തെ ഇസ്ലാമിയും കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) ഇടത് മുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് പാർട്ടി പത്രത്തിൽ 1996 ഏപ്രിൽ 22ന് മുഖ പ്രസംഗം എഴുതിയിരുന്നു. ‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെ പാടി പുകഴ്ത്തിയിട്ടുണ്ട് –
“ഭരണാധികാരത്തിൻ്റെ മാധുര്യം നൊട്ടിനുണഞ്ഞു കൊണ്ടും സ്വന്തം ബഹുജന താൽപര്യം മറന്നു കൊണ്ടും ഫാസിസ്റ്റ് – മാർക്സിസ്റ്റ് ശക്തികൾക്കെതിരെ മുസ്ലീം ലീഗും അവരുടെ കയ്യാളായ പിഡിപിയും നടത്തിവരുന്ന പ്രചരണങ്ങളുടെ കുന്തമുന ഒടിച്ചുകളയുന്നതായി ജമാ അത്തെ തീരുമാനം. ന്യൂനപക്ഷങ്ങൾ സംഘടിച്ചു വേറിട്ടുനിന്നതു കൊണ്ട് സ്വന്തം താൽപര്യം സംരക്ഷിക്കാനാവില്ലെന്നും രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്കൊപ്പം അണിനിരന്നുകൊണ്ടേ സ്വന്തം താൽപര്യങ്ങളും അടിസ്ഥാനപരമായ ലക്ഷ്യങ്ങളും സുരക്ഷിക്കാനൊക്കൂ എന്നും ശരിയാംവിധം മനസിലാക്കിക്കൊണ്ടുള്ളത് തന്നെയായി ആ തീരുമാനം. മേൽവിവരിച്ച രണ്ട് തീരുമാനങ്ങൾ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയാടിത്തറ തീർച്ചയായും കൂടുതൽ ശക്തവും വ്യാപ്തവുമാക്കിത്തീർക്കുകയാണ് ” -ഇത്തരം വാഴ്ത്തിപ്പാടലുകൾ നടത്തിയ സ്വന്തം പാർട്ടി തീരുമാനത്തെ തള്ളിപ്പറയാനുള്ള ആർജവം ജയരാജൻ പുസ്തകത്തിൽ പ്രകടിപ്പിച്ചിട്ടില്ല.
ഇതിനെല്ലാം പുറമെ, 2011ലെ തിരഞ്ഞെടുപ്പു കാലത്ത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ജമാ അത്തെ ഇസ്ലാമിയുടെ കേരളത്തിലെ അമിർ ടി.ആരിഫലിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയത് പാർട്ടിയിലും മുന്നണിയിലും വൻ വിവാദമായിരുന്നു. സിപിഎമ്മുമായി സമുദായ സംഘടനകൾ കൂട്ടുചേരുമ്പോൾ അവർ വിശുദ്ധരും സിപിഎം ബന്ധം ഉപേക്ഷിക്കുമ്പോൾ വർഗീയ വാദികളുമാകുന്ന പതിവ് ഇരട്ടത്താപ്പാണ് ജയരാജൻ്റെ പുസ്തകത്തിലും കാണുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here