‘ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർഎസ്എസ് കരുതേണ്ട’; പി ജയരാജന്‍
കണ്ണൂർ: യുവമോർച്ച നേതാക്കളുടെ വെല്ലുവിളിയില്‍ വീണ്ടും പ്രതികരിച്ച് സിപിഐഎം നേതാവ് പി ജയരാജൻ. സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർഎസ്എസ് കരുതേണ്ടെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വീണ്ടുമൊരു പ്രതികരണം.
ജയരാജന്റെ പരാമർശത്തിന് മറുപടിയായി ‘യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്’ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതമെന്നും പി ജയരാജന്‍ പ്രതികരിക്കുന്നത്.
കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, ഗണപതിയടക്കമുള്ള ഹിന്ദു ആരാധന ബിംബങ്ങളെ മിത്തുകളെന്ന് വിളിച്ച് അപമാനിക്കുകയും, ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്തെന്നാണ് എ എന്‍ ഷംസീറിനെതിരായ യുവമോർച്ചയുടെ ആരോപണം. മാപ്പ് പറയാൻ തയാറാകാത്ത പക്ഷം ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നില്‍ക്കുമെന്ന് കരുതരുതെന്നും കെ ഗണേഷ് പ്രസംഗിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here