മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിച്ചത് മദനി; സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്ന ആരോപണങ്ങളുമായി പി.ജയരാജൻ്റെ പുസ്തകം നാളെയിറങ്ങും

കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഇക്കാരണം കൊണ്ടു തന്നെയാണ് മദനിയെ തീവ്രവാദത്തിൻ്റെ അംബാസിഡർ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ പുറത്തിറങ്ങുന്ന ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ എന്ന ജയരാജൻ്റെ പുസ്തകത്തിലാണ് ഈ വിവാദ പരാമർശങ്ങൾ ഉള്ളത്.

കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന ഈ പുസ്തകം സംസ്ഥാന രാഷ്ട്രീയത്തിലും സിപിഎമ്മിൻ്റെ ന്യൂനപക്ഷ നിലപാടുകളിലും ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്ക് നൽകിയാണ് പുസ്തകം പുറത്തിറക്കുന്നത്. ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ് അസോസിയേറ്റ് എഡിറ്റർ എം പി പ്രശാന്താണ് പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ മദ്നിയുമൊത്ത് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് പൊന്നാനിയിൽ വച്ച് പിണറായി വിജയൻ വേദി പങ്കിട്ടിരുന്നു. മദനിയുമൊത്ത് വേദി പങ്കിട്ടതിനെതിരെ അന്ന് വിഎസ് അച്ചുതാനന്ദൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനോട് ചേർന്നുപോകുന്ന നിലപാടാണ് 15 വർഷത്തിന് ശേഷം സംസ്ഥാന കമ്മറ്റിയംഗം കൂടിയായ പി ജയരാജൻ പ്രകടിപ്പിക്കുന്നത്.

ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം സംസ്ഥാനത്തുടനീളം മദനി നടത്തിയ പ്രസംഗങ്ങളാണ് ഇസ്ലാം മതവിശ്വാസികളായ ചെറുപ്പക്കാരിൽ കടുത്ത തീവ്രചിന്തകൾ വളരാൻ ഇടയാക്കിയത്. വൈകാരിക പ്രസംഗങ്ങളിലൂടെ യുവാക്കളിൽ കടുത്ത അന്യമത വിദ്വേഷവും തീവ്രചിന്താഗതികളും പടർത്താൻ ശ്രമിച്ചുവെന്നാണ് ജയരാജൻ എഴുതിയിരിക്കുന്നത്. രാഷ്ടീയ സ്വയം സേവക് സംഘിൻ്റ (ആർഎസ്എസ്) മാതൃകയിൽ മദനി ഇസ്ളാമിക് സേവക് സംഘിന് (ഐഎസ്എസ് ) രൂപം കൊടുക്കുകയും അവർക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തിരുന്നു. അക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനത്തോട് അനുബന്ധിച്ച് മദനി നടത്തിയ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു എന്നും ജയരാജൻ കുറ്റപ്പെടുത്തുന്നുണ്ട്.

പിൽക്കാലത്ത് തെക്കേ ഇൻഡ്യയിലെ ഒട്ടേറെ തീവ്രവാദക്കേസുകളിൽ പ്രതിയായ തടിയൻ്റവിട നസീർ, മദനിയുടെ വൈകാരിക പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് വന്നതെന്ന് പോലീസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ജയരാജൻ വിവരിക്കുന്നുണ്ട്. നിലവിൽ മദനി പ്രതിയായ ബെംഗളൂരുവിലെ കേസുകളിൽ തടിയൻ്റവിട നസീർ അടക്കം ഒട്ടേറെ മലയാളികൾ പ്രതികളാണ്. അതേസമയം 2007ൽ ജയിലിൽ നിന്ന് മോചിതനായ ശേഷം മദനിയുടെ തീവ്രവാദ നിലപാടുകളിൽ ഒരുപാട് മാറ്റം വന്നതായും പുസ്തകത്തിൽ പരാമർശമുണ്ട്.

ജമാ അത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത നിലപാടുകളെയും പുസ്തകത്തിൽ വിമർശിക്കുന്നു. മുസ്ലീം ലീഗിൻ്റെ പ്രവർത്തകരായ ചെറുപ്പക്കാരെ ജമാ അത്തെ ഇസ്ലാമിയിലേക്ക് ആകർഷിക്കാൻ ശ്രമങ്ങളുണ്ട്. ജമാ അത്തെ നിലപാടുകളോട് വിയോജിപ്പുള്ള മുസ്ലീം ലീഗ്, തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി അവരുമായി കൈകോർക്കുന്നുണ്ട് എന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്ന അരക്ഷിതബോധത്തെ മുതലെടുക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. മതാധിഷ്ഠിത നിലപാടുകൾ ഊട്ടിയുറപ്പിക്കാൻ ജമാ അത്തെ ഇസ്ലാമി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതായും വിമർശനമുണ്ട്.

ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ രഹസ്യചർച്ചകൾ, മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാരെ വധിക്കാൻ മുസ്ലിം തീവ്രവാദികൾ നടത്തിയ നീക്കങ്ങൾ ഇവയെല്ലാം രാഷ്‌ട്രീയ ചരിത്ര വിദ്യാർഥികൾക്ക്‌ പുതിയ അറിവ്‌ പകരും. 1948ൽ രൂപീകരണഘട്ടം മുതൽ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ സ്വീകരിച്ച നിലപാടുകൾ കമ്യൂണിസ്‌റ്റ്‌ വിരുദ്ധമായിരുന്നു എന്നത്‌ വസ്തുനിഷ്ഠമായി പുസ്തകത്തിൽ ജയരാജൻ പ്രതിപാദിക്കുന്നുണ്ട്.

രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായ ഒരുപറ്റം പേർ മാവോയിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണവും ജയരാജൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. മാവോയിസ്റ്റ് -തീവ്ര ഇസ്ലാമിസ്റ്റ് പ്രവർത്തകർ മറഞ്ഞിരുന്ന് നേതൃത്വം കൊടുത്ത സംഘടനയാണ് റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് (സിആർആർപി). പി കോയ, പോരാട്ടം നേതാവ് എംഎൻ രാവുണ്ണി, മാധ്യമം പത്രാധിപർ വിഎം ഇബ്രാഹിം എന്നിവർ ഈ സംഘടനയുടെ അംഗങ്ങളാണെന്നും പി ജയരാജൻ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top