ജയരാജന് പാടിയാൽ വ്യക്തിപൂജ! പിണറായിക്കായാൽ വിപ്ലവം!! വാഴ്ത്തുപാട്ട് വീണ്ടും വരുമ്പോൾ ചർച്ച ചെയ്യാൻ പോലുമാകാതെ സിപിഎം

കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, നാടിൻ നെടുനായകനല്ലോ പി.ജയരാജൻ ധീരസഖാവ്… എന്നു തുടങ്ങി കൃത്യം നാടൻ പാട്ടിൻ്റെ ചടുലതാളത്തിൽ 2017ലാണ് പാട്ട് പുറത്തുവന്നത്. കതിരൂർ മനോജ് വധക്കേസിൽ ജയരാജനെ പ്രതിചേർത്ത സിബിഐ അനുബന്ധ കുറ്റപത്രം അടക്കം സമർപ്പിച്ച ശേഷം സിപിഎം നടത്തിയ പ്രതിഷേധ പരിപാടികളോട് അനുബന്ധിച്ചാണ് പാട്ട് പുറത്തുവന്നത്.
കണ്ണൂരിലെ പുറച്ചേരി ഗ്രാമീണ വയനശാലയായിരുന്നു പാട്ടിന് പിന്നിൽ. പാർട്ടിക്ക് പുറത്തും ജയരാജൻ നടത്തുന്ന പ്രവർത്തനങ്ങളുടെയെല്ലാം വീഡിയോകളും ഉൾപ്പെടുത്തിയാണ് പാട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. അക്കാലത്ത് ഇതേ വിഷയങ്ങൾ ഒട്ടേറെ ഫ്ലക്സ് ബോർഡുകളും കണ്ണൂർ ജില്ലയുടെ പലഭാഗത്തും പ്രത്യക്ഷപ്പെട്ടു. മുൻപ് വിഎസിന് കിട്ടിയിരുന്നത് പോലെ, പോകുന്നിടത്തെല്ലാം നല്ല സ്വീകരണങ്ങളും, പ്രസംഗങ്ങൾക്ക് നിറഞ്ഞ കയ്യടിയും ജയരാജന് കിട്ടി.

ഇതിനെല്ലാം പിന്നാലെയാണ് വ്യക്തിപൂജ ആരോപണം പാർട്ടി പുറത്തെടുത്തത്. സംസ്ഥാന സമിതിയിലടക്കം വിമർശനങ്ങൾ ഉയർന്നു. വ്യക്തിപൂജ തടയാൻ ജാഗ്രത പുലർത്തിയില്ല എന്നായിരുന്നു കുറ്റപത്രം. യുഎപിഎ നിയമത്തിന്റെ ഇരകളായ ഒട്ടേറെ പേരുണ്ടായിട്ടും ജയരാജനെ മാത്രം മഹത്വവൽക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയർന്നു. എന്നാൽ 2019ൽ പി ജയരാജൻ വടകരയിൽ മത്സരിച്ചപ്പോൾ ഇതേ പാട്ട് പ്രചാരണത്തിനായി ഉപയോഗിച്ചു എന്നതും ചരിത്രം.

അതേസമയം ഇതേ കാലത്തെല്ലാം, പ്രത്യേകിച്ച് 2016ൽ മുഖ്യമന്ത്രിയായത് മുതൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിണറായി സ്തുതികൾ പാർട്ടിവേദികളിൽ പതിവായിരുന്നു. ഫ്ലക്സ്ബോർഡുകളും നാടാകെ നിരന്നു. ഇതിൻ്റെയെല്ലാം പാരമ്യം ആയിരുന്നു 2022ൽ പാർട്ടി സമ്മേളന കാലത്തെ സ്തുതിഗാനം. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ…’- എന്ന വരികൾ പാടി 500ഓളം സ്ത്രീകളാണ് ചുവടുവച്ചത്.
അടുത്ത സമ്മേളനകാലത്ത് ഇപ്പോൾ സിപിഎം അനുകൂല സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന പുതിയ പിണറായി സ്തുതിഗാനം പുറത്തിറക്കുന്നത്. ഫീനിക്‌സ് പക്ഷിയായും ചെങ്കൊടിയുടെ കാവലാളായും ഒക്കെയായാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനനാണ് പാട്ടെഴുതിയത്. സംഘടനയുടെ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നാളെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ സ്തുതിഗീതം ആലപിക്കും.

എന്തുതന്നെയായാലും വ്യക്തിപൂജയെന്ന പേരിൽ പി ജയരാജനെ നിർത്തിപ്പൊരിച്ച പാർട്ടിക്ക് ഇപ്പോൾ ഈ സ്തുതിഗാനമൊന്നും ചർച്ചക്ക് എടുക്കാൻ പോലും ആവതില്ല എന്നതാണ് വാസ്തവം. അത്രക്കാണ് മുഖ്യമന്ത്രിക്ക് പാർട്ടിയിലുള്ള അപ്രമാദിത്വം. കണ്ണൂർ പാട്ടുകളിൽ നിന്ന് വ്യത്യസ്തമായി വരികൾ കൊണ്ടോ, സംഗീതം കൊണ്ടോ, ആശയം കൊണ്ടോ പോലും ഒരു ആകർഷണീതയോ വിപ്ലവവീര്യമോ ഉണ്ടാക്കിയെടുക്കാൻ ഈ പാട്ടുകൾക്കൊന്നും കഴിയുന്നില്ല എന്നത് മറ്റൊരു സത്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here