വിദേശയാത്ര റദ്ദാക്കി പി.കെ.ശശി; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ യാത്ര വിവാദമാകുമെന്ന തിരിച്ചറിവില്‍ കെടിഡിസി ചെയര്‍മാന്‍

തിരുവനന്തപുരം : വിദേശ പര്യടനം റദ്ദാക്കി സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശി. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ശശിയുടെ ഔദ്യോഗിക യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെ യാത്ര വിവാദമാകുമെന്ന കണക്ക് കൂട്ടലിലാണ് റദ്ദാക്കിയിരിക്കുന്നത്. ഇക്കാര്യം പി.കെ.ശശി മാധ്യമ സിന്‍ഡിക്കറ്റിനോട് സ്ഥിരീകരിച്ചു. എന്നാല്‍ യാത്ര റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

വിനോദ സഞ്ചാര മേഖലയുടെ പ്രചരണത്തിനും ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുക്കാനുമാണ് യാത്ര എന്നായിരുന്നു ഓദ്യോഗികമായി അറിയിച്ചിരുന്നത്. കെടിഡിസി എംഡി ശിഖ സുരേന്ദ്രന്‍ ഐഎഎസ് കേരളത്തെ പ്രതിനിധീകരിച്ച് ട്രേഡ് ഫെയറിലും ബിസിനസ് മീറ്റിങ്ങുകളിലും പങ്കെടുക്കുമെന്നാണ് വിവരം.

ചെയര്‍മാന്റേയും എം.ഡിയുടേയും വിദേശ യാത്രയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. കെടിഡിസി ഫണ്ടില്‍ നിന്നാണ് ഇരുവരുടേയും ചിലവുകള്‍ വഹിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 11 വരെ 21 ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. ഈ മാസം 24 മുതല്‍ 30 വരെ സ്പെയിനിലേക്കും അവിടെ നിന്നും ഇറ്റലിയിലേക്കും തുടര്‍ന്ന് ഫ്രാന്‍സിലേക്കും പോകാനായിരുന്നു പദ്ധതി. പി.കെ.ശശിയുടെ വിദേശ യാത്ര സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിലും ബിസിനസ് മീറ്റിങ്ങുകളിലും പങ്കെടുത്ത് കേരളം സുരക്ഷിതമായ യാത്രായിടം എന്ന പ്രചരണമാണ് പര്യടനത്തിന്റെ ലക്ഷ്യമെന്നായിരുന്നു കെടിഡിസിയുടെ ഔദ്യോഗിക വിശദീകരണം. നിലവില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ക്ഷേമ പെന്‍ഷന്‍ അടക്കം മുടങ്ങിയതില്‍ സര്‍ക്കാര്‍ വിമര്‍ശനം കേള്‍ക്കുന്ന സമയത്ത് ഖജനാവില്‍ നിന്നും പണം മുടക്കിയുള്ള യാത്ര പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന വിലയിരുത്തലിലാണ് യാത്ര റദ്ദാക്കാനുള്ള തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top