പഞ്ചായത്ത് പ്രസിഡൻ്റ് പോലും വന്നില്ല; സർക്കാരിനെതിരെ പി.ആർ. ശ്രീജേഷ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരവും ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവുമായ പി.ആര്‍. ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സ്വന്തം പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും ഒന്ന് കാണാൻ വന്നില്ലെന്നാണ് ശ്രീജേഷിൻ്റെ വിമർശനം. ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടിൽ എത്തിയത്. അതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു.

“ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര് നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോള്‍ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതി. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്”- എന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി.

തന്‍റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് വ്യക്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ശ്രീജേഷിൻ്റെ തകർപ്പന്‍ സേവുകളുടെ കൂടി കരുത്തിലാണ് ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ സ്വർണം നേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top