ജീവിച്ചിരുന്നപ്പോള്‍ നീതി നല്‍കാത്ത സിപിഐ പൊതുദര്‍ശനം നടത്തേണ്ട; പി രാജുവിന്റെ കുടുംബം കടുത്ത നിലപാടില്‍

സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കില്ല. കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പാര്‍ട്ടി ഓഫിസിലെ പൊതുദര്‍ശനം ഒഴിവാക്കിയത്. ജീവിച്ചിരുന്നപ്പോള്‍ നീതി നല്‍കാത്ത പാര്‍ട്ടി മരണത്തില്‍ അനുശോചിക്കേണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചാല്‍ മതിയെന്ന് കുടുംബം തീരുമാനിച്ചു.
സാമ്പത്തിക തിരിമറിയുടെ പേരിലാണ് പി രാജുവിനെതിരെ സിപിഐ നടപടിയെടുത്തത്. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി രാജുവിനെ ഒഴിവാക്കുകയാണ് ചെയ്തത്. ഭാരവാഹിയായിരുന്ന സമയത്ത് 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതിന്റെ പേരില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുത്തത്.
പി രാജുവിനെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് മടക്കി കൊണ്ടുവരാത്തതിലാണ് കുടുംബം ഇപ്പോൾ പരാതി ഉന്നയിക്കുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിന് തടസം നിന്നു എന്നാണ് കുടുംബം വിശ്വസിക്കുന്നത്.
ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ വേട്ടയാടിയത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിലും പ്രതികരിച്ചു. ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഇസ്മയില്‍ ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here