സരിന് പിന്നാലെ സ്ഥാനാർത്ഥിയാവാൻ മറ്റൊരു വിമതൻ; പാര്‍ട്ടി വിട്ടവര്‍ കോൺഗ്രസിന് തലവേദനയാകുമ്പോൾ…

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ സെക്രട്ടറി എകെ ഷാനിബും മത്സരരംഗത്തേക്ക്. തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും അത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിൽ നിന്നും തനിക്ക് പിന്തുണയറിയിച്ചവരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും ഷാനിബ് പറഞ്ഞു. നേരത്തേ ഇടത് സ്ഥാനാർത്ഥിയായ ഡോ പി സരിൻ്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.


പാർട്ടിയുടെ നിലപാടുകളോട് വിയോജിപ്പുള്ള നിരവധിപ്പേർ ഉടൻ കോൺഗ്രസ് വിടും. പാർട്ടിയിൽ നേതൃത്വമില്ല. വിഡി സതീശനും ഷാഫി പറമ്പിലുമാണ് കാര്യങ്ങൾ തീരുമാനിക്കുതെന്നും. ഇന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ഗുരുതരമായ ആരോപണങ്ങൾ മുതിർന്ന നേതാക്കൾക്കെതിരെ ഉന്നയിച്ച ശേഷമായിരുന്നു ഷാനിബ് പാർട്ടി വിട്ടത്. ഉപതിരഞ്ഞെടുപ്പിൽ നേരത്തേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ സമയത്ത് കെപിസിസി മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ പാർട്ടി വിട്ടതിന് പിന്നാലെയാണ് ഷാനിബും പാർട്ടിക്കെതിരെ രംഗത്തെത്തിയത്. തുടർന്ന് കോൺ​ഗ്രസിൻ്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മറ്റി പ്രഖ്യാപിക്കുകയായിരുന്നു.


കോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട് – വടകര- ആറന്മുള കരാർ ഉണ്ടെന്നാരോപിച്ചായിരുന്നു എകെ ഷാനിബ് പാർട്ടിവിട്ടത്. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. കരാറിൻ്റെ ഭാഗമായിട്ടാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തിരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നുമായിരുന്നു ഷാനിബിൻ്റെ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ ആർഎസ്എസിൻ്റെ കാല് പിടിക്കുകയാണെന്നും പാർട്ടിവിട്ട യൂത്ത് കോൺഗ്രസ് നേതാവ് ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top