‘സഖാവേ’ എന്ന വിളികേള്‍ക്കാന്‍ ആഗ്രഹം; പഴയ ഇടപെടലുകള്‍ ഒഴിവാക്കേണ്ടതായിരുന്നു; സിപിഎമ്മുകാര്‍ക്കായി സരിന്റെ കുറിപ്പ്

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചു കൊണ്ടുള്ള പഴയ ഇടപെടലുകള്‍ പൂര്‍ണ്ണമായും ഓഴിവാക്കേണ്ടതായിരുന്നുവെന്ന തിരിച്ചറിവ് ഉണ്ടായതായി പി സരിന്‍ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന കൊണ്ട് നടത്തിയ വിമര്‍ശനങ്ങള്‍ പലതും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമാണെന്നും സരിന്‍ പറയുന്നു.

രാഷ്ട്രീയ ശത്രുപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചപ്പോഴും ഒരാശയത്തിന്റെ പേരില്‍ സ്വയം സംഘടിച്ചു ശക്തമായ പ്രതിരോധം തീര്‍ത്ത സിപിഎമ്മുകാരോട് ബഹുമാനം തോന്നിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു ആരോപണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇറങ്ങുക ആ നേതാവിന്റെ ഗ്രൂപ്പുകാരും അടുപ്പക്കാരും മാത്രമാണ്. പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സഖാക്കള്‍ ഒരൊറ്റ മനസ്സായി നിന്ന് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ടെന്നും സരിന്‍ കുറിച്ചു.

മൂന്നു പതിറ്റാണ്ടായി സ്‌നേഹിച്ച പ്രസ്ഥാനം തെരുവിലുപേക്ഷിച്ചപ്പോള്‍ അനാഥമാക്കാത്ത സഖാക്കളോടും ചെങ്കൊടിയോടും മരണം വരേയും നന്ദിയുള്ളവനായിരിക്കും. മറ്റുള്ള പാര്‍ട്ടികളിലേതു പോലെ പെട്ടെന്ന് പാര്‍ട്ടി അംഗത്വം ലഭിക്കില്ല എന്നറിയാം, സഖാവേ എന്നാരും പെട്ടെന്ന് കയറി വിളിക്കില്ലെന്നും. എന്നാല്‍ ആ വിളിക്കായി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതായും സരിന്‍ കുറിച്ചു.

സരിന്റെ പഴയ പോസ്റ്റുകള്‍ കുത്തി പൊക്കി സോഷ്യല്‍മീഡിയയില്‍ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ തിരിച്ചടി നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് സരിന്റെ വൈകാരികമായ ഈ കുറിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top