കോണ്‍ഗ്രസിന്‍റെ അധപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് എന്ന് സരിന്‍; പാര്‍ട്ടിയെ സതീശന്‍ ഹൈജാക്ക് ചെയ്തെന്നും ആരോപണം

കെപിസിസി നേതൃത്വത്തിനെതിരെ തുടര്‍ച്ചയായി രണ്ടാം ദിവസവും വാര്‍ത്താസമ്മേളനം വിളിച്ച് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. കോക്കസുകളിലേക്ക് ഒതുക്കി കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തത് സതീശനെന്നും സരിന്‍ ആരോപിച്ചു.

“ഞാനാണ് പാർട്ടി എന്ന രീതിയിലേക്ക് മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തത് സതീശനാണ്. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ സതീശന് മൃദു ബിജെപി സമീപനമാണ് ഉള്ളത്. ഇത് ചോദ്യംചെയ്തില്ലെങ്കിൽ കോൺഗ്രസ് തകരും. പാലക്കാട്ടെ കോൺഗ്രസിന്റെ നീക്കത്തിൽ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചത്.”

“കൽപ്പാത്തി രഥോത്സവമായ 13ന് മുമ്പ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂർവം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാൽ ചില വോട്ടുകൾ കൂടുതലായി ചിലർക്ക് കിട്ടും എന്നത് യാഥാർഥ്യമാണ്.”

“പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശനാണ്. താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ തകർത്തു. ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ തന്നെ അസ്വഭാവികത ഉണ്ടായിരുന്നു. പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. പ്രതിപക്ഷ നേതാവിന്റെ മാറ്റം നല്ല മാറ്റമല്ലെന്ന് വൈകാതെ തന്നെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു.”

“രാഹുൽ മാങ്കൂട്ടത്തിൽ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷ നേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവർത്തനം. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.കരുണാകരനെയും അദ്ദേഹത്തിന്റെ പത്നിയെയും അപമാനിച്ച രാഹുലിനുള്ള മറുപടി പാലക്കാട്ടെ ജനങ്ങൾ നൽകും.” – സരിന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top