സിപിഎം കോട്ടയിലേക്ക് അന്‍വര്‍ എത്തണം; ശശിയുടെ കേസില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് എതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നൽകിയ മാനഷ്ടക്കേസിൽ പി.വി.അൻവർ എംഎൽഎയ്‌ക്ക് കോടതി നോട്ടീസ്. ഡിസംബർ മൂന്നിന് അൻവർ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസിൽ പറയുന്നത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നോട്ടീസ് അയച്ചത്.
പി.ശശിക്ക് എതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. പ്രസംഗങ്ങളിലും വാർത്താ സമ്മേളനങ്ങളിലും ശശിയ്ക്കെതിരെ ആഞ്ഞടിച്ചാണ് അൻവർ സംസാരിച്ചത്. നിരവധി ഗുരുതരമായ ആരോപണങ്ങൾക്കൊപ്പം സ്വർണക്കടത്തിന് ശശി കൂട്ടുനിന്നതായും അന്‍വര്‍ ആരോപിച്ചിരുന്നു, സ്വർണ്ണക്കടത്ത് വിഹിതം ശശിക്ക് ലഭിക്കുന്നു.
സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ട് ലക്ഷങ്ങൾ തട്ടിയെടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്ന പരാതിക്കാരായ സ്ത്രീകളുടെ ഫോൺ നമ്പരുകൾ ഇയാൾ കൈക്കലാക്കുകയും അവരോട് ഫോണിലൂടെ മോശമായി പെരുമാറുകയും ചെയ്യുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അപമാനിച്ചതിന് പിന്നില്‍ ശശിയുടെ ഗൂഢാലോചനയാണ്. സംസ്ഥാനം മുഴുവന്‍ ബിനാമികള്‍ വഴി ശശി പെട്രോള്‍ പമ്പുകള്‍ നടത്തുന്നുണ്ട്. നവീനെ അപമാനിച്ച പിപി.ദിവ്യയുടെ ഭര്‍ത്താവും ശശിയുടെ ബിനാമിയാണ് എന്നും അന്‍വര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ ശശിയും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. അൻവറിനു പിന്നിൽ അധോലോകമുണ്ട്. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ശശി ആവശ്യപ്പെട്ടത്. ഇതിന് അന്‍വര്‍ തയ്യാറാകാതെ വന്നതോടെയാണ് കോടതിയില്‍ പരാതി നല്‍കിയത്.
Also Read: അന്‍വറിന് പിന്നില്‍ അധോലോക സംഘം; ക്രിമിനല്‍ കേസുമായി ശശി
പി.ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതിയും അൻവർ പുറത്തുവിട്ടിരുന്നു. സ്വർണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ഈ പരാതിയില്‍ ഉള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here