‘മുഖ്യമന്ത്രിയെ കൊമേഡിയനാക്കി ഓഫീസ് കയ്യടക്കി പി.ശശി’; എക്കാലവും രക്ഷകൻ പിണറായി; അൻവറിൻ്റെ തിരക്കഥയിൽ ശശിയുടെ കഥാപാത്രം ക്ലൈമാക്സിലേക്ക്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഭരണകക്ഷി എംഎൽഎ പി.വി.അൻവർ മാധ്യമങ്ങളെ വിളിച്ചുകൂട്ടി അതീവഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് ഭരണ- പ്രതിപക്ഷങ്ങളെ ഒന്നുപോലെ അമ്പരിപ്പിച്ചിരിക്കുകയാണ്. ശശിയുടെ വിശ്വസ്തനും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എം.ആർ.അജിത് കുമാർ കൊടും കുറ്റവാളിയാണെന്ന അൻവറിൻ്റെ ആരോപണത്തിൻ്റെ കുന്തമുന ചെന്നു തറയ്ക്കുന്നതും ശശിയിലേക്ക് തന്നെയാണ്. പൊളിറ്റിക്കൽ സെക്രട്ടറി തികഞ്ഞ പരാജയമാണെന്നും മുഖമന്ത്രി ഏല്പിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ല എന്നും അൻവർ പറഞ്ഞുവച്ചു. സിപിഎമ്മിൻ്റെ ചരിത്രത്തിൽ ഇന്നുവരെ പാർട്ടിയുടെ ഒരു എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിലെ ഉന്നതർക്കുമെതിരെ ഈ മട്ടിൽ ആരോപണം ഉന്നയിച്ചിട്ടില്ല. അൻവർ പാർട്ടി അംഗമല്ലെന്ന് പറഞ്ഞ് ഒഴിയാമെങ്കിലും അൻവർ തുറന്നുവിട്ട ഭൂതത്തിനെ ഉടനെയൊന്നും പിടിച്ചുകെട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ നേതൃത്വം ഒരുപാട് വിയർക്കേണ്ടി വരും.

കൃത്യം 13 വർഷം മുമ്പ്, ഇരുപതാം പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ്റെ വിശ്വസ്തനും ചാവേറുമായിരുന്ന ശശിക്കെതിരായ ഈ നടപടി പാർട്ടി സംവിധാനത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. വിഭാഗീയത കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് വി.എസ്. അച്യുതാതാനന്ദൻ്റെ കണ്ണിലെ കരടായിരുന്നു ശശി. സദാചാരവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശശിയെ രക്ഷിക്കാൻ പിണറായി പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സിപിഎം എംഎൽഎയായിരുന്ന സി.കെ.പി. പത്മനാഭൻ്റെ ബന്ധു നല്കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരെ നടപടിയുണ്ടായത്.

“പി.ശശിയുടെ കാര്യത്തിൽ പാർട്ടി നല്ല തീരുമാനമാണ് കൊണ്ടത്. എല്ലാവർക്കും സന്തോഷമുള്ള തീരുമാനമാണ്. നിങ്ങളുടെ സന്തോഷത്തോട് താൻ യോജിക്കുന്നു” -ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയേക്കുറിച്ച് വി.എസ്. പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. നടപടി കുറച്ചുകൂടി നേരത്തെ ആയിരുന്നുവെങ്കിൽ നന്നായേനെ എന്നുകൂടി വി.എസ്. പറഞ്ഞതിൽ ഒരുപാട് ധ്വനികളുണ്ടായിരുന്നു. ശശിയെ രക്ഷിക്കാൻ പിണറായി സകല അടവുകളും പയറ്റിയതിനെക്കുറിച്ച് ആയിരുന്നു വി.എസിൻ്റെ പരിഹാസം. പാർട്ടിയിലെ ചേരിതിരിവിൽ വി.എസിൻ്റെ നോട്ടപ്പള്ളിയായിരുന്നു ശശി. അക്കാലത്ത് ശശി പാർട്ടിക്ക് നൽകിയ കത്തിൽ വി.എസിനോടുള്ള വൈരാഗ്യം വ്യക്തമായിരുന്നു -‘സഖാക്കളെ കുത്തിമലർത്താൻ ഏത് മാർഗവും സ്വീകരിക്കുന്നയാൾ’ എന്നാണ് ശശി വിശേഷിപ്പിച്ചത്.

1987- 91 കാലത്ത് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. പിണറായിയുടെ പിന്തുണയിലാണ് ശശി ആ പദവിയിലെത്തിയത്. അന്നും ശശി പോലീസിലും മുഖ്യന്ത്രിയുടെ ഓഫീസിലും സർവശക്തനായി. അക്കാലത്തും ശശിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ശശിയെക്കുറിച്ച് കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ അദ്ദേഹത്തിൻ്റെ ആത്മകഥയിൽ തുറന്ന് എഴുതിയത് ഇങ്ങനെയാണ്.

“ഇടത് മുന്നണിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം സുപ്രധാനമാണ്. ആഭ്യന്തര വകുപ്പിൻ്റെ ചുമതലക്കാരൻ. തൻ്റെ വിശ്വസ്തനായ ശശിയെ ആ സ്ഥാനത്ത് നിയമിച്ചതോടെ ഭരണത്തിൻ്റെ കടിഞ്ഞാണും പിണറായിയുടെ കൈകളിലായി.
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിയന്ത്രണം പി.ശശിക്കായിരുന്നു. മുഖ്യമന്ത്രി നായനാരാവട്ടെ ശശി പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു കൊടുത്തു. നായനാരുടെ ഒരു ദൗർബല്യം അതാണ്. ഒരാളെ വിശ്വസിച്ചുപോയാൽ കണ്ണടച്ചു വിശ്വസിക്കും. അയാളെപ്പറ്റി എന്ത് പരാതി ഉയർന്നാലും ഗൗനിക്കില്ല.”

“ഏഷ്യാനെറ്റിൽ ആഴ്ചയിൽ ഒരിക്കൽ ലൈവായി സംപ്രേഷണം ചെയ്തിരുന്ന ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്ന കോമഡിഷോയുടെ അവതാരകനാക്കി ശശിയും കൂട്ടരും മുഖമന്ത്രി നായനാരെ പരിമിതപ്പെടുത്തി. ദൈനംദിന ഭരണകാര്യങ്ങൾ നായനാർ ശ്രദ്ധിക്കാതെ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പണം കൊടുത്ത് സ്വാധീനിക്കാവുന്ന നില സംജാതമായി.” (ഒളിക്യാമറകൾ പറയാത്തത്: ബെർലിൻ കുഞ്ഞനന്തൻ നായർ; പേജ് 19)

2011ൽ പാർട്ടിയിൽ നിന്ന് പുറത്തായ ശശി, 13 വർഷത്തിനു ശേഷം 2022 ഏപ്രിൽ 19ന് വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തിരിച്ചെത്തി. പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശൻ സെക്രട്ടറിയേറ്റ് അംഗമായ ഒഴിവിലേക്കാണ് പിണറായി വിജയൻ ശശിയെ തിരിച്ചു കൊണ്ടുവന്നത്. കേരളത്തിലെ സിപിഎമ്മിൻ്റെ സമീപകാല ചരിത്രത്തിലൊന്നും പാർട്ടി പുറത്താക്കിയ ഒരാൾക്ക് ഇത്ര ഉന്നതമായ പദവി നല്കി തിരിച്ചെടുത്തതായി കേട്ടുകേൾവി പോലുമില്ല.

ബദൽരേഖാ വിവാദത്തെ തുടർന്ന് പാർട്ടി പുറത്താക്കിയ എം.വി.രാഘവൻ രൂപീകരിച്ച സിഎംപിയോട് കണ്ണൂരിലെ അക്കാലത്തെ പാർട്ടിക്കാരായ നിരവധി ചെറുപ്പക്കാർ അനുഭാവം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ കിരീടം വെക്കാത്ത രാജാവായിരുന്ന എംവിആറിനോട് യുവനേതാക്കൾക്ക് ഒരുതരം വീരാരാധനയായിരുന്നു. ചെറുപ്പക്കാരുടെ കുത്തൊഴുക്ക് തടയാൻ പാർട്ടി നിയോഗിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന പിണറായിയെ ആയിരുന്നു. അന്ന് എസ്എഫ്ഐ നേതാവായിരുന്ന ശശിക്ക് ആഭിമുഖ്യം രാഘവനോടായിരുന്നു. എംവിആറിനൊപ്പം പോകാൻ നിന്ന പി.ശശി എന്ന വിദ്യാർത്ഥി നേതാവിനെ മറ്റ് പലരേയും പോലെ ചേർത്തുനിർത്തിയത് പിണറായി വിജയനായിരുന്നു. അക്കാലത്തെ പിണറായിയുടെ മികവുറ്റ നേതൃപാടവവും സംഘടനാ ശേഷിയുമാണ് എംവിആർ പ്രഭാവത്തെ കണ്ണൂരിൽ തടഞ്ഞു നിർത്താൻ ഇടയാക്കിയത്. പിന്നീട് ശശിക്കുണ്ടായ എല്ലാ ഉയർച്ചകളുടേയും മുഖ്യകാർമ്മികൻ പിണറായിയായിരുന്നു. ഈ സംരക്ഷണത്തിലാണ് നായനാരുടെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി എന്ന തന്ത്രപ്രധാന പദവി ശശിയുടെ കൈകളിൽ എത്തിയത്.

പാർട്ടിയിൽ വിഭാഗീയ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് പിണറായിയുടെ തേരാളിയായിരുന്നു ശശി. കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയിൽ തിളങ്ങി നിന്ന കാലത്താണ് ശശി സദാചാരവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പുറത്തായത്. രക്ഷിക്കാൻ പിണറായി പരമാവധി ശ്രമിച്ചിട്ടും നടക്കാതെ പോയി. പാർട്ടിയിലും സർക്കാരിലും ചോദ്യം ചെയ്യാനാവാത്ത നേതാവായി പിണറായി മാറിയപ്പോൾ അദ്ദേഹം തൻ്റെ വിശ്വസ്തനെ അധികാര കസേരയിലേക്ക് തിരിച്ചു കൊണ്ടുവന്നു. വീണ്ടും സർവശക്തിയുള്ള സൈന്യാധിപനാക്കി അവരോധിച്ചു.

കഴുത്തുവേദനക്ക് ചികിത്സക്കായി പോകുന്നതിന് അവധിയിൽ പ്രവേശിക്കുന്നു എന്നായിരുന്നു 2011ൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഘട്ടത്തിൽ പാർട്ടിയുടെ വിശദീകരണം. പിന്നിടാണ് പാർട്ടി പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തു വിടുന്നത്.

ശശിക്കെതിരെ അതീവ ഗുരുതരമായ ആക്ഷേപങ്ങളാണ് ഇപ്പോൾ അൻവർ ഉന്നയിച്ചിരിക്കുന്നത്. വീണ്ടും പിണറായി രക്ഷകനാകുമോ എന്നാണ് അറിയേണ്ടത്. അൻവർ തിരക്കഥയെഴുതി ആടുന്ന നാടകം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അത് അറിയാൻ സാധാരണക്കാരെ പോലെ തന്നെ സിപിഎമ്മിലെ വലിയൊരു വിഭാഗം അണികളും നേതാക്കളും പോലും കാത്തിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top