ഉറ്റതോഴനെ കൈവിടില്ലെന്ന് ഉറപ്പിച്ച് പിണറായി; സന്ദേശം വ്യക്തം: വിമർശിക്കുന്നവർ സൂക്ഷിക്കുക

കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പി.വി.അൻവറിൻ്റെ അഴിഞ്ഞാട്ടമായിരുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരെയും സ്വന്തം പാർട്ടിയിൽ നിന്ന് ഉണ്ടാകാത്തത്ര വലിയ വിമർശനങ്ങളാണ് പിണറായി വിജയൻ്റെ ഓഫീസിനെതിരെ ഇടത് എംഎൽഎ അൻവർ ഉന്നയിച്ചത്. എല്ലാവരെയും അമ്പരപ്പിക്കുന്നത്ര സംയമനമാണ് പാർട്ടിയിലെ സർവശക്തനെന്ന് അറിയപ്പെടുന്ന പിണറായി വിജയൻ ഈ ദിവസമെല്ലാം പ്രകടിപ്പിച്ചത് എന്നതും ശ്രദ്ധേയം. ഒടുവിലിന്ന് മുഖ്യമന്ത്രി മൌനം ഭജിച്ചപ്പോൾ ഏറ്റവും വലിയ ആശ്വാസം ഉണ്ടായിരിക്കുന്നത് പി.ശശി എന്ന പൊളിറ്റിക്കൽ സെക്രട്ടറിക്ക് തന്നെയാകും.
ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് ആക്രമിക്കാതിരുന്ന അൻവർ പിന്നീടുള്ള ദിവസങ്ങളിൽ പൊളിറ്റിക്കൽ സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കുകയും, ഏറ്റവുമൊടുവിൽ ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ്, ശശിയാണ് ഭരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് അടുത്തേക്ക് ആരെയും വിടില്ലെന്ന് പോലും കടുത്ത ആരോപണം ഉന്നയിച്ചു. ആദ്യ ആരോപണം മുതൽ തന്നെ ശശിയുടെ കസേരയിളകിയെന്ന് കരുതിയവർക്കുള്ള കൃത്യമായ മറുപടിയാണ് ഈ മൂന്നാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
“അദ്ദേഹം സിപിഎമ്മിൻ്റെ സംസ്ഥാന കമ്മറ്റിയംഗമാണ്. പാർട്ടി നിയോഗിച്ച് എൻ്റെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിക്കുകയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലും തെറ്റായ കാര്യങ്ങൾ അദ്ദേഹത്തിൻ്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു എന്നതേയുള്ളൂ. ഒരു പരിശോധനയും ഇക്കാര്യത്തിൽ ആവശ്യമില്ല. അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശിയവിടെ ഇരിക്കുന്നത്. ഈ സർക്കാരിന് നിയമപ്രകാരം സ്വീകരിക്കാൻ പറ്റുന്ന നടപടി മാത്രം എടുക്കുന്നതിനാണ് അദ്ദേഹമവിടെ ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാൽ ശശിയല്ല ആരായാലും അവിടെയിരിക്കാൻ പറ്റില്ല. നിയമപ്രകാരം ചെയ്യാൻ പറ്റാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ സ്വാഭാവികമായും ചെയ്യാൻ പറ്റിയിട്ടുണ്ടാകില്ല. ആ ചെയ്യാത്തതിനൊക്കെയുള്ള വിരോധം വച്ചെന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അതിൻ്റെ മേലെയൊന്നും മാറ്റുന്നതല്ല അത്തരമാളുകളെ. അത് മനസിലാക്കണം.” അൻവറിനെന്നല്ല, ആർക്കും സംശയമൊട്ടും ബാക്കിനിർത്താതെ പിണറായി വിജയൻ വിശദീകരിച്ചത് ഇങ്ങനെ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പി.ശശിക്കിത് രണ്ടാം ടേമാണ്. ആദ്യം ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. അന്നും പേരുദോഷം ഏറെ ഉണ്ടായെങ്കിലും ശക്തരിൽ ശക്തനായിരുന്നു. ആ സ്ഥാനത്തേക്ക് എത്തിച്ചത് പിണറായി വിജയനായിരുന്നു. അതിനും ഏറെ മുൻപേ എസ്എഫ്ഐക്കാലത്തേ ശശിയെ അറിയുന്നതിൻ്റെ ബലത്തിലാണ് ആ സുപ്രധാന ചുമതലയിലേക്ക് എത്തിച്ചത്. വി.എസ്.അച്യുതാനന്ദൻ സിപിഎമ്മിൽ പ്രമാണിയായി വാഴുമ്പോൾ ശശിക്കെതിരെ ഉയർന്ന ആരോപണത്തിൽ നിന്ന് രക്ഷിച്ചെടുക്കാൻ കഴിയാതെ പാർട്ടിക്ക് പുറത്തുപോകുന്നത് നോക്കിനിൽക്കേണ്ടി വന്നെങ്കിലും, ആരോപണത്തിൻ്റെ ചൂടാറിയപ്പോൾ തിരിച്ചെത്തിക്കാനും പിണറായി തന്നെ മുൻകൈയ്യെടുത്തു. ഒടുവിൽ തൻ്റെ ഓഫീസിൻ്റെ ചുമതല തന്നെ നൽകി പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.
ഈ ബന്ധത്തിനൊട്ടും ഉടവുതട്ടാതെ പഴയ വിശ്വാസം കാക്കാൻ ശശിക്ക് കഴിയുന്നു എന്ന് തന്നെയാണ് പിണറായി വിജയൻ്റെ ഇന്നത്തെ വാർത്താസമ്മേളനം കഴിയുമ്പോൾ വ്യക്തമാകുന്നത്. അൻവർ എന്നല്ല പാർട്ടി ഇടപെട്ടാൽ പോലും ഇനി ശശിക്ക് ഇളക്കമുണ്ടാകില്ല എന്ന വ്യക്തമായ സന്ദേശം തന്നെയാണിത്. അൻവറിൻ്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയാലും മറിച്ചൊന്നും സംഭവിക്കില്ല. ഒരന്വേഷണത്തിൻ്റെയും ആവശ്യമില്ല എന്ന പിണറായിയുടെ വാക്ക് വെറും വാക്കാകില്ല. തൻ്റെ ഉറ്റതോഴനെ തനിക്കറിയാം. ആ വിശ്വാസം, അതാണെല്ലാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here