ആരോപണങ്ങളെ ഭയക്കുന്നില്ലെന്ന് പി ശശി; പരിശോധിക്കാന്‍ സിപിഎം തീരുമാനം

പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. ദ വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണങ്ങളെ ഭയക്കുന്നില്ലെന്ന് ശശി പ്രതികരിച്ചത്. അന്‍വര്‍ ആരോപിച്ചതു പോലെ സര്‍വാധികാരിയാണെന്ന മനോഭാവം തനിക്കില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് ചെയ്യുന്നത്. എന്ത് ആരോപണങ്ങളും ഉന്നയിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ശശി പറയുന്നു. തനിക്കെതിരായ ഈ വേട്ടയാടല്‍ കാലങ്ങളായി തുടരുന്നതാണ്. എസ്എഫ്‌ഐ നേതൃത്വത്തില്‍ എത്തിയപ്പോള്‍ മുതല്‍ വേട്ടയാടുന്നുണ്ട്. അതിനെ നേരിട്ടാണ് ഇവിടെ വരെയെത്തിയതെന്നും ശശി പ്രതികരിച്ചു.

ശശിക്കെതിരെ അന്‍വര്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നല്‍കിയ പരാതി അന്വേഷിക്കാന്‍ സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് പരാതി ചര്‍ച്ച ചെയ്യും. അതിനുശേഷമാകും അന്വേഷണം എങ്ങനെ വേണം എന്ന് തീരുമാനിക്കുക. എം.വി.ഗോവിന്ദനെ നേരില്‍ കണ്ടാണ് അന്‍വര്‍ പരാതി കൈമാറിയത്. വാര്‍ത്താസമ്മേളനത്തില്‍ ശശിക്കും എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും ഉന്നയിച്ച ആരോപണങ്ങളാണ് പരാതിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശശിക്കെതിരെ സിപിഎമ്മിനുള്ളിലും കടുത്ത എതിര്‍പ്പുണ്ട്. നേരത്തേ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന സമയത്ത് ശശി മുഖ്യമന്ത്രിയുടെ ഓഫീസ് കൈയ്യടക്കി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും സമാനമായ രീതിയിലാണ് പ്രവര്‍ത്തനമെന്നാണ് സിപിഎമ്മിനുള്ളില്‍ വിമര്‍ശനമുള്ളത്. പാര്‍ട്ടി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കടുത്ത പ്രതികരണങ്ങള്‍ ഉയരുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top