സ്ത്രീധന പീഡന പരാതികൾ കൂടുതൽ വനിതകൾക്ക് എതിരെയെന്ന് വെളിപ്പെടുത്തൽ; വനിതാ കമ്മിഷൻ പുരുഷ വിദ്വേഷ കമ്മിഷനല്ലെന്നും സതീദേവി
സ്ത്രീകളുടെ ഉന്നമനത്തിനായി നിയമിച്ച വനിതാ കമ്മിഷൻ പുരുഷ വിദ്വേഷ സംവിധാനമല്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി.
സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മിഷനുകൾ നിലകൊള്ളുന്നത്.സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്. അവർക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മിഷൻ ചെയ്യുന്നതെന്നും സതീദേവി ചൂണ്ടിക്കാട്ടി.
പുരുഷ മേധാവിത്വ സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയിൽ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടന ശിൽപികൾ ആലോചിച്ച് ആർട്ടിക്കിൾ 15 ന് മൂന്നാം ഉപവകുപ്പ് ചേർത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തിൽ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ ചെയ്യുന്നതായി കണ്ടെത്തിയാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും അധികാരം നൽകുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷനുകൾ ദേശീയ-സംസ്ഥാന തലങ്ങളിൽ രൂപീകരിക്കപ്പെട്ടതെന്നും സതീദേവി ഓർമിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here