ഹൈറിച്ചിന് ഹൈക്ലാസ് സംരക്ഷണം; പരാതികളില്‍ ഒന്നും ചെയ്യാതെ പോലീസ്, പി.എ. വത്സന്‍ ഐപിഎസ് (റിട്ട.) പറയുന്നു

തൃശ്ശൂര്‍ : ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കുന്നത് ഉന്നതതലത്തില്‍ നിന്നുള്ള സംരക്ഷണമാണെന്ന് പരാതി നല്‍കിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.എ. വത്സന്‍. കമ്പനിയുടെ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ചേര്‍പ്പ് പോലീസിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തൃശ്ശൂര്‍ എസ്പിക്ക് നല്‍കിയ പരാതിയിലും ഒരു അന്വേഷണവും ഉണ്ടായില്ല. ഇത് കമ്പനിയുടെ തട്ടിപ്പുകള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് പി.എ. വത്സന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ് പി.എ. വത്സന്‍. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം ഹൈറിച്ച് കമ്പനിയുടെ പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും ഇതിനെതിരെ നിയമ പോരാട്ടം ആരംഭിച്ചതും. കമ്പനി ആസ്ഥാനം ഉള്‍പ്പെടുന്ന ചേര്‍പ്പ് പോലീസ് സ്‌റ്റേഷനില്‍ ജൂലൈയില്‍ നിയമവിരുദ്ധമായ നിക്ഷേപ സമാഹരണം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ചേര്‍പ്പ് പോലീസ് ഈ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് തൃശ്ശൂര്‍ എസ്പിക്ക് പരാതി നല്‍കി. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതും അന്വേഷിക്കണമെന്ന ഉത്തരവ് വാങ്ങിയതും. എന്നിട്ടും പോലീസ് അനങ്ങിയില്ലെന്നും വത്സന്‍ പറയുന്നു. ഇക്കാര്യം കോടതിയെ വീണ്ടും അറിയിക്കുകയും ഡിജിപിക്ക് പരാതി നല്‍കുകുയും ചെയ്തു. ഇത്തരത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമ്പോഴും കമ്പനി തട്ടിപ്പുകള്‍ വിപുലമാക്കുകയായിരുന്നു. 750 രൂപ മുതല്‍ 10000 രൂപ വരെയായിരുന്ന അംഗത്വ തുക 5 ലക്ഷം വരെയായി. റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരമില്ലാതെ ലാഭവിഹിതവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സെര്‍ക്യൂലേഷന്‍ സ്‌കീംസ് ആക്ടിലെ 3,4,5,6 വകുപ്പനുസരിച്ച് കുറ്റകരമാണ്. ഇവയെല്ലാം വ്യക്തമായെങ്കിലും നടപടി മാത്രം ഇഴഞ്ഞ് നീങ്ങിയതായും വത്സന്‍ ആരോപിക്കുന്നു. .

ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപന്‍ ഭാര്യ ശ്രീന പ്രതാപന്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം, അക്കൗണ്ടുകള്‍ മരവിപ്പിക്കണം, വാഹനങ്ങള്‍ പിടിച്ചെടുക്കണം എന്നിങ്ങനെ ഹോം സെക്രട്ടറിയുടെ ഉത്തരവും നടപ്പാക്കാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല. ഇവരുടെ സ്വത്തുക്കള്‍ കണ്ടെത്തി നല്‍കേണ്ടത് പോലീസാണ്. എന്നാല്‍ ഇത് ചെയ്യാതെ ഇപ്പോഴും സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും വത്സന്‍ ആരോപിക്കുന്നു. ഇത് ആദ്യമായല്ല പോലീസ് ഈ കമ്പനി അധികൃതരെ സംരക്ഷിക്കുന്നത്. 2020 ജനുവരിയില്‍ കമ്പനിയ്‌ക്കെതിരെ വന്ന പരാതിയില്‍ ദുര്‍ബല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷത്തിനു ശേഷം കുറ്റപത്രം നല്‍കിയെങ്കിലും കോടതി ആവശ്യപ്പെട്ട തെളിവുകള്‍ നല്‍കാന്‍ പോലീസ് തയാറായില്ല. ഇത്തരത്തിലാണ് ഈ തട്ടിപ്പ് കമ്പനിയെ പോലസ് സഹായിക്കുന്നത്. ഇതിനു പിന്നില്‍ ഉന്നതതല ഇടപെടല്‍ സംശയിക്കാമെന്നും വത്സന്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top