കുപ്പിവെള്ളം കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് FSSAI മുന്നറിയിപ്പ്…

കുപ്പി വെള്ളം സുരക്ഷിതമാണെന്ന് കരുതി വാങ്ങി കുടിക്കുന്നവര്‍ സൂക്ഷിക്കുക. പാക്കേജ്ഡ് കുടിവെള്ളത്തെയും മിനറല്‍ വാട്ടറിനേയും അതീവ അപകട സാധ്യതയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ (High Risk Food Category) പട്ടികയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ അതോറിറ്റി (FSSAI) വിജ്ഞാപനം പുറപ്പെടുവിച്ചു. കര്‍ശനമായ നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുപ്പിവെള്ള കമ്പിനികളെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ (BlS) നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പ്രതിവര്‍ഷ ഗുണനിലവാര പരിശോധന കര്‍ശനമാക്കിയത്. എല്ലാവര്‍ഷവും രജിസ്‌ട്രേഷനും ലൈസന്‍സും പുതുക്കുന്നതിന് മുമ്പായി ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്ന് FSSAl ഉത്തരവില്‍ പറയുന്നത്. ഉയര്‍ന്ന അപകട സാധ്യതയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇനി മുതല്‍ FSSAl ചുമതലപ്പെടുത്തുന്ന പുറത്തു നിന്നുള്ള ഏജന്‍സി ഗുണനിലവാര പരിശോധനയും നടത്തണം. നവംബര്‍ 29നാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മോശം പാക്കേജിങ്ങിനും ഉയര്‍ന്ന മലിനീകരണതോതിനും മോശമായ രീതിയിലുള്ള സംഭരണത്തിനും അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യതയുള്ള ഉല്‍പന്നങ്ങളെയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്സ്, സലാഡുകള്‍, പാകം ചെയ്ത ഭക്ഷണങ്ങള്‍, പലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷ്യപദാര്‍ഥങ്ങളും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യൂസ്, ശീതളപാനീയങ്ങള്‍ എന്നിവയും ഈ വിഭാഗത്തിലാണ്.

ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും പായ്ക്കുചെയ്ത കുടിവെള്ള വ്യവസായത്തില്‍ കര്‍ശന ഗുണനിലവാര നിയന്ത്രണം ഉറപ്പ് വരുത്തുന്നതിനുമാണ് പുതിയ ഉത്തരവെന്ന് FSSAI ഡയറക്ടര്‍ രാകേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top