മമ്മൂട്ടിക്കാണ് ‘പദ്മ’ പുരസ്കാരം ആദ്യം ലഭിക്കേണ്ടതെന്ന് സതീശന്‍; പുരസ്കാരത്തിന് വജ്രശോഭ ലഭിക്കുന്നത് അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോള്‍
തിരുവനന്തപുരം: പദ്മ പുരസ്കാര നിര്‍ണയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത്. നടന്‍ മമ്മൂട്ടിക്കും ശ്രീകുമാരന്‍തമ്പിക്കും അടക്കമുള്ളവര്‍ക്ക് പദ്മഭൂഷണ്‍ നല്‍കാത്തതാണ് ഫേസ്ബുക്ക് കുറിപ്പില്‍ സതീശന്‍ ചോദ്യം ചെയ്യുന്നത്. പദ്മ പുരസ്കാരത്തിനുള്ള മാനദണ്ഡമെന്താണ് എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
മമ്മൂട്ടിക്ക് പദ്മശ്രീ ലഭിച്ചത് കാല്‍നൂറ്റാണ്ടിന് മുന്‍പാണ്. പിന്നീട് ഒരു പദ്മ പുരസ്കാരവും ലഭിച്ചില്ല. പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നുവെങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്ന് സതീശന്‍ ചൂണ്ടിക്കാട്ടുന്നു. പി.ഭാസ്കരൻ മാഷിന്‍റെയും ഒഎൻവിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പദ്മപുരസ്ക്കാരത്തിന് അദ്ദേഹം എന്നേ അർഹനെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.
സതീശന്റെ എഫ്ബി കുറിപ്പ്:
ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പദ്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.
ചിരഞ്ജീവിക്ക് പദ്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പദ്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പദ്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പദ്മഭൂഷൺ,പദ്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.
പി.ഭാസ്കരൻ മാഷിന്‍റെയും ഒഎൻവിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പദ്മപുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്? രാജ്യം നൽകുന്ന ആദരമാണ് പദ്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം. എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here