പത്മശ്രീ സുന്ദര്‍ മേനോന് ക്രിമിനൽ കേസുകൾ പുത്തരിയല്ല; രാത്രി വീടുകയറി പെണ്‍കുട്ടിയെ ആക്രമിച്ച 2016ലെ കേസ് വിചാരണയിൽ

30 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലായ പതമശ്രീ ജേതാവ് സുന്ദര്‍ മേനോനെതിരെ ആദ്യമായല്ല പോലീസ് കേസ്. 2016 മാര്‍ച്ച് 28നാണ് പ്രവാസി വ്യവസായി എന്ന ഗണത്തിൽ പെടുത്തി സുന്ദര്‍ മേനോന്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് സാമൂഹ്യ സേവനത്തിനുള്ള പത്മപുരസ്‌കാരം ഏറ്റുവാങ്ങിയത്. പിന്നാലെ തൃശൂരില്‍ വ്യാപകമായി സ്വന്തം ചിലവില്‍ വമ്പന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് പൗരപ്രമുഖനായി. പിന്നെയുള്ള ശ്രമം ക്ഷേത്ര ട്രസ്റ്റുകളില്‍ ഭാരിവാഹിയായി കയറിപ്പറ്റാനുളളതായിരുന്നു. ഈ ശ്രമങ്ങള്‍ക്കിടയിലാണ് ഒരു പെണ്‍കുട്ടിയെ വീട്ടില്‍ കയറി അപമാനിച്ചതിന് കേസ് വന്നത്.

ALSO READ: പത്മപുരസ്കാര ജേതാക്കളിൽ കൊലക്കേസ് – തട്ടിപ്പുകേസ് പ്രതികളും!! സുന്ദർ മേനോൻ്റെ അവാർഡ് തിരിച്ചെടുക്കാൻ വകുപ്പുണ്ടോ?

പത്മശ്രീ ലഭിച്ച് അഞ്ച് മാസത്തിനുള്ളിലാണ് സുന്ദര്‍ മേനോന്‍ ഈ ക്രിമിനല്‍ കേസില്‍ പ്രതിയായത്. 2016 ഓഗസ്റ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് ഏഴിന് പാതിരാത്രി 11.45ന് തൃശൂര്‍ കുന്നത്ത് ലൈനിലുള്ള വേണുഗോപാല്‍ എന്നായാളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മകള്‍ പാര്‍വതിയെ ആക്രമിക്കുകയായിരുന്നു. അന്ന് എംബിഎ വിദ്യാര്‍ഥിയായിരുന്നു പാര്‍വ്വതി. ശരീരത്തില്‍ കയറിപിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പിതാവിന്റെ സുഹൃത്തായിരുന്ന സുന്ദര്‍ മേനോന്റെ ഭാഗത്തു നിന്നുണ്ടായ ഈ അതിക്രമം ആ കുടുംബത്തെയാകെ ഞെട്ടിച്ചതായിരുന്നു. പാര്‍വതിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ക്ഷേത്ര ട്രസ്റ്റിലെ ഭാരവാഹിത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിക്കുന്നതില്‍ വരെയെത്തിച്ചത്. ഈ കേസ് ഇപ്പോള്‍ വിചാരണയിലാണ്.

സാമ്പത്തിക തട്ടിപ്പിന് വിശ്വാസ്യത നേടുന്നതിനായാണ് ഇത്തരം ക്ഷേത്ര ഭാരവാഹിത്വങ്ങളിലേക്ക് സുന്ദര്‍ മോനോന്‍ നുഴഞ്ഞുകയറിയത്. ഈ കേസ് മാത്രമല്ല പാസ്‌പോര്‍ട്ട് നിയമങ്ങള് ലംഘിച്ചതിനും രണ്ട് വ്യത്യസ്ത പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനും സുന്ദര്‍ മേനോന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഈ കേസുകളെല്ലാം സ്വാധീനം കൊണ്ട് മറികടന്നു.

ALSO READ: പത്മശ്രീയും പൂരം നടത്തിപ്പും മറയാക്കി; മലയാളിയെ മണ്ടന്‍മാരാക്കി സുന്ദര്‍മേനോന്‍ വെട്ടിച്ചത് കോടികൾ; ഒപ്പം കോണ്‍ഗ്രസ് നേതാവും

ഇതോടൊപ്പം തന്നെ ചില കേസുകളില്‍ ഇരകളെ ഭീഷണിപ്പെടുത്തിയും സുന്ദര്‍ മേനോന്‍ രക്ഷപെട്ടിട്ടുണ്ട്. 2016 പത്മശ്രീ ലഭിച്ച് അധികം വൈകാതെ തന്നെ മറ്റൊരു കേസിലും പ്രതിയായി. ബാലസുബ്രമണ്യന്‍ എന്നൊരാളെ തിരുവമ്പാടി ക്ഷേത്രത്തിന് മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയതിന് ആയിരുന്നു ഈ കേസ്. ഇതിൽ പോലീസ് കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ 2020 ഫെബ്രുവരി 18ന് സുന്ദര്‍ മേനോനെ കോടതി വെറുതെവിട്ടു. വാദിയായ ബാലസുബ്രഹ്‌മണ്യനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചാണ് രക്ഷപ്പെട്ടതെന്നും ആരോപണമുണ്ട്.

ഇത്തരത്തില്‍ എതിര്‍ശബ്ദങ്ങളെ ഒതുക്കിയാണ് തൃശൂര്‍ പൂരം നടത്തിപ്പിന്റെയടക്കം നിര്‍ണ്ണായക സ്ഥാനങ്ങളില്‍ സുന്ദര്‍ മേനോന്‍ എത്തിയത്. ഇതിനൊപ്പമാണ് തൃശൂരിലെ പ്രധാന കോണ്‍ഗ്രസ് നേതാവ് സി.എസ്.ശ്രീനിവാസനെ ഒപ്പംകൂട്ടി കോടികളുടെ നിക്ഷേപത്തട്ടിപ്പും നടത്തി. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് നിക്ഷേപതട്ടിപ്പ് നടന്നത്. ജമ്മു ആസ്ഥാനമായാണ് സുന്ദര്‍ മേനോന്‍ ഹീവാന്‍ എന്ന തട്ടിപ്പ് കമ്പനി തുടങ്ങിയത്. എന്നാല്‍ ജമ്മുവില്‍ ഇങ്ങനെ ഒരു ഓഫീസേയില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രേഖകളില്‍ മാത്രം കമ്പനി ആരംഭിച്ച് കേരളത്തില്‍ വിവിധ ശാഖകള്‍ തുടങ്ങുകയാണ് ഇയാള്‍ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top