കരുണാകരൻ്റെ മകൾക്ക് നൽകിയത് വേണ്ടുവോളം അവസരങ്ങൾ; ലോക്സഭാ, നിയമസഭാ സീറ്റുകൾ; കെടിഡിസി അധ്യക്ഷസ്ഥാനം; എന്നിട്ടും പരാതി ബാക്കി
തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ ലീഡര്‍ കെ.കരുണാകരന്റെ മകള്‍ എന്ന ഒറ്റ രാഷ്ട്രീയ മേല്‍വിലാസത്തിലെത്തിയ പത്മജ വേണുഗോപാലിന് എന്നും ലഭിച്ചത് ആ പരിഗണനയായിരുന്നു. ഒരു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിക്കാന്‍ കോണ്‍ഗ്രസ് പത്മജയ്ക്ക് സീറ്റ് നല്‍കി. ആദ്യ മത്സരം 2004ല്‍ ലോക്‌സഭയിലേക്കായിരുന്നു. കലങ്ങി മറിഞ്ഞ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ തിരഞ്ഞെടുപ്പ് നടന്നത്. എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോര്. തെരുവില്‍ സംഘര്‍ഷം. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസില്‍ തിളച്ച് മറിയുന്ന കാലം. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മകന്‍ കെ.മുരളീധരനെ മന്ത്രിസഭയില്‍ എടുക്കണമെന്ന് കരുണാകരന്‍ വാശിപിടിച്ചു. ഇത് അംഗീകരിച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി മുരളീധരനെ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയാക്കി. പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെത്തിയത്. ഇതില്‍ കോണ്‍ഗ്രസ് സ്ഥിരം വിജയിക്കുന്ന മുകുന്ദപുരം സീറ്റ് പത്മജയ്ക്ക് ഉറപ്പിക്കാന്‍ വീണ്ടും കരുണാകരന്‍ തന്നെ രംഗത്തിറങ്ങി. സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മന്ത്രിയായ മുരളീധരന്‍ വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് മറക്കാന്‍ ആഗ്രഹിക്കുന്നതായിരുന്നു.
16 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് എല്ലാ സീറ്റിലും തോറ്റു. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ മഞ്ചേരിയില്‍ പോലും യുഡിഎഫ് തോറ്റു. മുകുന്ദപുരത്ത് 117097 വോട്ടിനാണ് പത്മജ സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടനോട് തോറ്റത്. വടക്കാഞ്ചേരിയില്‍ മുരളീധരന്‍ എ.സി.മൊയ്തീനോടും തോറ്റ് പുതിയ ചരിത്രം എഴുതി. മക്കള്‍ രാഷ്ട്രീയമടക്കം ഉയര്‍ത്തി സിപിഎം നടത്തിയ പ്രചരണം ജനം ഏറ്റെടുത്തു. ഈ പ്രചരണം ചെന്നെത്തിയത് കരുണാകരന്‍ കോണ്‍ഗ്രസ് വിടുന്നതിലും ഡിഐസി(കെ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപകരിക്കുന്നതിിലുമൊക്കെയായിരുന്നു. എന്നാല്‍ പത്മജ കോണ്‍ഗ്രസിനൊപ്പം എന്ന നിലപാടിലായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനു മുമ്പ് തന്നെ കരുണാകരന്‍ മകളെ കെടിഡിസി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ഇരുത്തിയിരുന്നു. 2001ലാണ് പത്മജ കെടിഡിസി ചെയര്‍പേഴ്‌സണാകുന്നത്. 2016 വരെ പത്മജ മത്സര രംഗത്തുണ്ടായിരുന്നില്ല. 2016ല്‍ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. വി.എസ്.സുനില്‍കുമാറിനോട് 6987 വോട്ടിന് പരാജയപ്പെട്ടു. 2021ല്‍ വീണ്ടും തൃശൂരില്‍ മത്സരിച്ചപ്പോഴും തോല്‍വി തന്നെയായിരുന്നു ഫലം. 946 വോട്ടിനാണ് സിപിഐയിലെ പി.ബാലചന്ദ്രനോട് പരാജയപ്പെട്ടത്. ഈ പരാജയത്തിലാണ് പത്മജ പരാതി ഉന്നയിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പത്മജയുടെ പരാതി. എഐസിസി വരെ പരാതി നല്‍കിയെങ്കിലും അത് കാര്യമായി പരിഗണിച്ചില്ലെന്നാണ് പത്മജയുടെ പരാതി. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് എന്നെ ബിജെപിയാക്കിയെന്ന് പത്മജ ആരോപിക്കുന്നതും.
സംഘടനാ തലത്തിലും പത്മജ എപ്പോഴും കോണ്‍ഗ്രസിലെ നിര്‍ണ്ണായക സ്ഥാനങ്ങളിലുണ്ടായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം, കെപിസിസി സെക്രട്ടറി, ഡിസിസി പ്രസിഡന്റ് ഇങ്ങനെയുള്ള പദവികളില്‍ പത്മജയുണ്ടായിരുന്നു. സംഘടനാ വിഷയങ്ങള്‍ കൂടാതെ കരുണാകരന്‍ സ്മാരക നിര്‍മ്മാണം വൈകുന്നതിലും പത്മജ അതൃപ്തയായിരുന്നു. കണ്ണായ സ്ഥലത്ത് സ്ഥലം നല്‍കിയിട്ടും സ്മാരക നിര്‍മ്മാണത്തിന് നേതൃത്വം തയാറാകാത്തതില്‍ പലവട്ടം പത്മജ വിമര്‍ശനം പരസ്യമാക്കിയിരുന്നു. ഇത് പാര്‍ട്ടി വിടുന്നതിന് വേഗം കൂട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു മുതിര്‍ന്ന നേതാവ് തന്നെ ബിജെപി കൊടിപിടിക്കുന്നത് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ബുദ്ധിമുട്ടും. അത് മനസിലാക്കി തന്നെയാണ് പത്മജയെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ പത്മജ വഴങ്ങാതെയായതോടെയാണ് കെ.മുരളീധരന്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വര്‍ക്ക് ഫ്രം ഹോമിലുള്ള നേതാവിന് ഈ പരിഗണന മതിയെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here