റഹീമിൻ്റെ മോചനത്തിന് 34 കോടി ശേഖരിച്ചതിൽ മോദിയെ അഭിനന്ദിച്ച് പത്മജ; ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തിൻ്റെ നേട്ടമെന്ന് പോസ്റ്റ്; വിമർശനവും ട്രോളും നിറയുന്നു
സൗദി ജയിലിൽ 18 വർഷമായി കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകൾ ശേഖരിച്ചതിൻ്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി പത്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജയുടെ ഈ കടുംകൈ. ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ ആവിഷ്കരിച്ചത് കൊണ്ടാണ് വേഗത്തിൽ ധനസമാഹരണം നടന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് മലയാളികളുടെയാകെ നേട്ടത്തെ പ്രധാനമന്ത്രിക്ക് കാഴ്ചവച്ചത്. കോൺഗ്രസിലായിരുന്ന കാലത്ത് നോട്ട് നിരോധിച്ച് രാജ്യം ഡിജിറ്റൽ എക്കണോമിയിലേക്ക് തിരിയാനുള്ള മോദിയുടെ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയാണ് പത്മജ.
“ഡിജിറ്റൽ പെയ്മെൻ്റ് സിസ്റ്റം ഭാരതത്തിൽ അതിവേഗം വ്യാപകമായത് ആണ് ഒറ്റക്ലിക്കിൽ പണമയക്കാനും മണിക്കൂറുകൾ കൊണ്ട് 34 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞത്. ഇന്ത്യ ഡിജിറ്റൽ സൂപ്പർ പവറായി വളർന്നിരിക്കുന്നു. മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസന രംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ എല്ലാവരും രാഷ്ട്രിയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു”. ഇതാണ് പത്മജയുടെ പോസ്റ്റിൻ്റെ ഉള്ളടക്കം.
ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയ വിശാലതയെ അഭിനന്ദിക്കേണ്ടതിന് പകരം ധനസമാഹരണവുമായി ഒരു ബന്ധവുമില്ലാത്ത മോദിക്ക് ഈ സംരംഭത്തിൻ്റെ മുഴുവൻ ക്രെഡിറ്റും കൊടുത്തതിനെതിരെ അതിരൂക്ഷമായ കമൻറുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. “വെറുപ്പിൻ്റെ സ്രഷ്ടാക്കൾ പോയി പൊട്ടിക്കരയുക… നിങ്ങൾ പടച്ചുണ്ടാക്കുന്നതല്ല കേരള സ്‌റ്റോറി. നിങ്ങളൊഴികെയുള്ള മനുഷ്യർ സൃഷ്ടിക്കുന്ന സ്നേഹ സ്‌റ്റോറിയാണ് കേരള സ്‌റ്റോറി.. രണ്ട് ദിവസം കൊണ്ട് 34 കോടി വാരിക്കൂട്ടിയ യഥാർത്ഥ കേരള സ്‌റ്റോറി.. ഇത്തരം സ്‌റ്റോറികൾ ഇനിയും രചിക്കപ്പെടും. ഇത് കേരളമാണ് !” ഇത്തരം കമൻ്റുകളാണേറെയും.
നോട്ട് നിരോധനകാലത്ത് പത്മജ എഴുതിയ എഫ്ബി പോസ്റ്റുകൾ പൊക്കി കൊണ്ടുവന്ന് ചിലർ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. രണ്ട് കൊല്ലം മുമ്പ് ഒരു നവംബർ 8ന് പത്മജ ഇങ്ങനെ കുറിച്ചിട്ടുണ്ട്. “നരേന്ദ്ര മോഡി സാമ്പത്തിക ശാസ്ത്രജ്ഞനായ ദിവസമാണ് ഇന്ന്. മോദി നോട്ട് നിരോധനം എന്ന മണ്ടൻ തീരുമാനം നടപ്പാക്കിയ ദിവസം ഇന്ന്”.
സമാനതകളില്ലാത്ത ഐക്യവും സാഹോദര്യവുമാണ് റഹീമിൻ്റ മോചനത്തിനായി ഉണ്ടായത്. കയ്യബദ്ധം മൂലം സ്പോൺസറുടെ 15കാരനായ മകൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി റഹീം ജയിലിലാണ്. വധശിക്ഷ ഒഴിവാക്കാൻ ദയാധനമായി 15 മില്യൺ സൗദി റിയാലാണ് (34 കോടി) ബാലൻ്റെ കുടുംബം ആവശ്യപ്പെട്ടത്. ഈ തുക സമാഹരിക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ ജാതി ഭേദമെന്യേ കൈകോർത്തപ്പോൾ അസാധ്യമെന്ന് കരുതിയ തുക നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here