പത്മജ വേണുഗോപാൽ ബിജെപി അംഗത്വമെടുത്തു; ‘ബിജെപിയെ കൂടുതല്‍ പഠിക്കണം, നരേന്ദ്ര മോദി കരുത്തനായ നേതാവ്’

ഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ്‌ ജാവദേക്കറുടെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്. ജാവദേക്കറുടെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പത്മജ ബിജെപി ആസ്ഥാനത്തെത്തിയത്. നരേന്ദ്ര മോദി കരുത്തനായ നേതവാണെന്ന് പത്മജ പറഞ്ഞു.

അവഗണന സഹിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പത്മജ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എഐസിസിയില്‍ വരെ പരാതി നല്‍കിയെങ്കിലും അത് കാര്യമായി പരിഗണിച്ചില്ല. ആ പരാതികള്‍ ചവറ്റ്കുട്ടയില്‍ എറിയുകയാണ് ചെയ്തത്. കോൺഗ്രസില്‍ ഇപ്പോള്‍ നേതൃത്വം ഇല്ലാത്ത അവസ്ഥയാണെന്നും പത്മജ ആരോപിച്ചു.  ബിജെപിയെ കൂടുതല്‍ പഠിക്കണമെന്നും സ്ഥാനങ്ങള്‍ ഒന്നും ആഗ്രഹിച്ചല്ല ഈ തീരുമാനമെന്നും പത്മജ പറഞ്ഞു.

അതേസമയം പത്മജക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. ജയിക്കാൻ കഴിയുന്ന സീറ്റുകളാണ് പത്മജക്ക് നൽകിയതെന്നാണ് കോൺഗ്രസിന്റെ വാദം. രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയിട്ട് തന്നെക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതും പത്മജയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചെന്നാണ് സൂചന. പത്മജയുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി കെ.മുരളീധരനും പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരു മുതിര്‍ന്ന നേതാവ് തന്നെ ബിജെപി കൊടിപിടിക്കുന്നത് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ബുദ്ധിമുട്ടുമെന്നാണ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top