കാണാൻ നല്ല സ്ത്രീകളായാൽ കോൺഗ്രസിൽ ദുരിതം; അപവാദം സഹിക്കില്ല; തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി തോൽപ്പിക്കും: തുറന്നടിച്ച് പത്മജ വേണുഗോപാൽ

തൃശ്ശൂര്‍: കാണാന്‍ കൊള്ളാവുന്ന സ്ത്രീകൾ പാര്‍ട്ടിയിലെത്തിയാല്‍ ജീവിതം കുട്ടിച്ചോറാകുമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. അപവാദങ്ങൾ സഹിക്കാൻ എത്ര പേർക്ക് പറ്റും? കെ കരുണാകരൻ്റെ മകൾ എന്ന പ്രിവിലേജ് കൊണ്ട് മാത്രമാണ് താൻ ഇതുവരെ പിടിച്ചുനിന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയാലും തോൽപ്പിക്കും. പത്മജ തുറന്നടിച്ചു. കൂടുതൽ പറഞ്ഞാൽ പാർട്ടിയെ ബാധിക്കുമെന്നും അതുകൊണ്ട് പലതും ഉള്ളിലടക്കുകയാണെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് പത്മജ വേണുഗോപാൽ പറഞ്ഞത്.

“രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. അതെല്ലാം മറികടന്ന് മുന്നോട്ട് വരുമ്പോഴും, സ്ത്രീകളാണെന്ന് കണ്ടാൽ പാര്‍ട്ടിക്കാരില്‍ പലര്‍ക്കും പുച്ഛമാണ്. കരുണാകരന്റെ മകൾ ആയതുകൊണ്ട് ചില പ്രിവിലേജുകൾ എനിക്ക് കിട്ടി. പക്ഷേ ഒരു സാധാരണ സ്ത്രീക്ക് രാഷ്ട്രീയം ഭയങ്കര ബുദ്ധിമുട്ടാണ്. കാണാൻ നല്ല സ്ത്രീ ആണെങ്കിൽ തീർന്നു. എല്ലാവരും കൂടി അതിന്റെ ജീവിതം കുട്ടിച്ചോറാക്കും. അപവാദങ്ങള്‍ പറഞ്ഞു പരത്തും. പിന്നെ ആരാണ് പാര്‍ട്ടിയിലേക്ക് കടന്നുവരിക” പത്മജ വേണുഗോപാല്‍ ചോദിക്കുന്നു.

“സ്ത്രീകള്‍ തിരഞ്ഞെടുപ്പിന് നിന്നാലോ; കാര്യങ്ങള്‍ അവര്‍ തന്നെ നോക്കട്ടെ എന്ന നിലപാടാണ് പലർക്കും. എനിക്ക് സീറ്റ്‌ തന്നത് കോണ്‍ഗ്രസ് പാർട്ടിയാണ്. അതില്‍ സോണിയ ഗാന്ധിയോട് കടപ്പാടുണ്ട്. സ്ത്രീകൾ കടന്നുവരണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സീറ്റ് നല്‍കി തോൽപിക്കുകയാണ് ഇവിടെയുള്ളവരുടെ പരിപാടി.” 2021ൽ തൃശൂരിൽ പാർട്ടിക്കാർ തന്നെയാണ് തന്നെ തോൽപിച്ചത് എന്നും പത്മജ പറഞ്ഞു. “കൂടെ നിന്നവർ തന്നെയാണ് ചതിച്ചത്. വോട്ടുമറിക്കൽ വരെ നടന്നു.”

“നന്ദിയില്ലായ്മ ഏറ്റവും കൂടുതലുള്ളത് രാഷ്ട്രീയത്തിലാണ്. അച്ഛന്‍ (കെ. കരുണാകരന്‍) കൈപിടിച്ചു കയറ്റിയ ഒരുപാട് പേര്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ട്. അച്ഛന്‍റെ മനസ്സില്‍ കെ.മുരളീധരന്‍ ആയിരുന്നില്ല രാഷ്ട്രീയ പിന്‍ഗാമി. അത് മറ്റൊരാള്‍ ആയിരുന്നു. അവരൊക്കെ ഇപ്പോൾ അനുഭവിക്കുന്നത് കാണാം. അതുകൊണ്ട്‌ ഇനി ആരെയും പേരെടുത്ത് പറയേണ്ട കാര്യമില്ല.” പത്മജ പറഞ്ഞു.

“ജനപിന്തുണയുള്ള നേതാവാണ് മുരളീധരൻ. എന്നാൽ അദ്ദേഹത്തെ പാർട്ടി വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. പാർട്ടിക്കുള്ളിൽ ഒതുക്കിനിർത്തുകയാണ്. മക്കൾ രാഷ്ട്രീയത്തൻ്റെ പേരിൽ ഏറ്റവും കൂടുതൽ അനുഭവിച്ചവരാണ് ഞങ്ങള്‍. അധികാരം കണ്ടു വന്നതല്ല; അധികാരം കണ്ടു മടുത്ത കുടുംബത്തില്‍ നിന്നാണ് വന്നത്. അതിന്റെ ഗുണങ്ങൾ അല്ല, പ്രയാസങ്ങൾ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്.”

താനിപ്പോൾ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ മാത്രമാണ്. അതുകൊണ്ടുതന്നെ അഭിപ്രായങ്ങള്‍ പറയാനുള്ള വേദി ലഭിക്കാറില്ല. പലതും ഫേസ്ബുക്കിലൂടെയാണ് പറയുന്നത്. കരുണാകരന്‍റെ പേരില്‍ സ്മാരകം ഉണ്ടാക്കാൻ പറയുമ്പോള്‍ പലരും മുഖം തിരിക്കുന്നു. എന്തിനാണ് ഇത്ര വലിയ സ്മാരകം എന്ന് യുവനേതാക്കൾ വരെ പറയുന്നത് കേട്ടിരുന്നു. ഇത്തരം ആളുകളുടെ ഇടയില്‍ ചിരിച്ചുകൊണ്ട് ഇരിക്കേണ്ടി വരുന്ന ഗതികേട് ഒന്നു ആലോചിച്ചാൽ മതി; പത്മജ മനസ് തുറന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top