‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും’; ബിജെപി സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടി, മോദിക്കൊപ്പം വേദി പങ്കിട്ട് പത്മജ വേണുഗോപാൽ

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ബിജെപിയെ പുകഴ്ത്തിയും കോൺഗ്രസിനെ വിമർശിച്ചും പത്മജ വേണുഗോപാൽ. കരുണാകരന്റെ മകളായത് കൊണ്ട് കോൺഗ്രസിൽ ഒരു മൂലയിലായിരുന്നു സ്ഥാനമെന്ന് പത്മജ പറഞ്ഞു. കോൺഗ്രസിലും സിപിഎമ്മിലും ആളില്ലെന്നും യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് അൻപത്തഞ്ചും അറുപതും വയസായവരാണെന്നും അവർ ആരോപിച്ചു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നരേന്ദ്രമോദിക്കൊപ്പം പത്മജ വേദി പങ്കിട്ടു.
“കോൺഗ്രസിൽ ഇപ്പോൾ ആളില്ല. ഇലക്ഷൻ കഴിയുന്നതോടെ എഐസിസി പൂട്ടും. ബിജെപി ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് നേടും. നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടയായാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് ഇത്രകാലം നിന്നത്. എന്നാൽ ബിജെപി സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്ന പാർട്ടിയാണ്. എന്റെ എല്ലാ കഴിവും ബിജെപിക്ക് വേണ്ടി ഉപയോഗിക്കും”; പത്മജ പറഞ്ഞു.
കോൺഗ്രസ് നശിച്ചെന്ന് അടുത്തകാലത്താണ് മനസിലാക്കിയത്. ബിജെപിയില്‍ ഒരു സാധാരണ പ്രവർത്തകയായി നിൽക്കാനാണ് താൽപര്യം. മോദി കൊണ്ടുവരുന്ന വികസനമാണ് ജനങ്ങൾ നോക്കുന്നതെന്നും പത്മജ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here