പത്മശ്രീയും പൂരം നടത്തിപ്പും മറയാക്കി; മലയാളിയെ മണ്ടന്‍മാരാക്കി സുന്ദര്‍മേനോന്‍ വെട്ടിച്ചത് കോടികൾ; ഒപ്പം കോണ്‍ഗ്രസ് നേതാവും
കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയതിന് ഇന്നലെ അറസ്റ്റിലായ സുന്ദര്‍മേനോന്‍ വിശ്വാസ്യത നേടാനായി നടത്തിയത് ആസൂത്രിത നീക്കങ്ങള്‍. വിദേശ വ്യവസായി എന്ന പേരില്‍ പത്മശ്രീയും, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിലൂടെ തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രധാന സ്ഥാനവും നേടിയാണ് സുന്ദര്‍ മേനോന്‍ തട്ടിപ്പിന് കളമൊരുക്കിയത്. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് 30 കോടിയുടെ നിക്ഷേപതട്ടിപ്പ് നടന്നത്. ഇതിനെല്ലാം എല്ലാ സഹായവുമായി കോണ്‍ഗ്രസിന്റെ തൃശൂരിലെ പ്രധാന നേതാവ് സിഎസ് ശ്രീനിവാസനും ഉണ്ടായിരുന്നു.
നിക്ഷേപം ഇരട്ടിയായി തിരിച്ച് നല്‍കും, ഉയര്‍ന്ന പലിശ തുടങ്ങി സ്ഥിരം തട്ടിപ്പുകാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തന്നെയാണ് ഈ സംഘവും നല്‍കിയത്. എന്നാല്‍ ഇവരുടെ സ്ഥാപനങ്ങളിലേക്ക് പണം ഒഴുകിയെത്തിയതിന് പിന്നില്‍ സുന്ദര്‍ മേനോന്‍ പലവിധ സ്വാധീനം ഉപയോഗിച്ച് നേടിയ ഈ പദവികള്‍ തന്നെയാണ്. നിലവില്‍ 18 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി നല്‍കാന്‍ കഴിയാതെ കോടികള്‍ നഷ്ടപ്പെട്ടവര്‍ വേറെയും ഉണ്ടെന്നാണ് വിവരം. തൃശൂരിലും പുറത്തുമായി ഇരുപതിലധികം ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും ഈ സ്ഥാപനത്തിന് ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സ്ഥാപനം തുടങ്ങിയത് മുതല്‍ അടിമുടി തട്ടിപ്പാണ് സംഘം നടത്തിയത്. ജമ്മു ആസ്ഥാനമായാണ് സുന്ദര്‍ മേനോന്‍ ഹീവാന്‍ എന്ന തട്ടിപ്പ് കമ്പനി തുടങ്ങിയത്. എന്നാല്‍ ജമ്മുവില്‍ ഇങ്ങനെ ഒരു ഓഫീസേയില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രേഖകളില്‍ മാത്രം കമ്പനി ആരംഭിച്ച് കേരളത്തില്‍ വിവിധ ശാഖകള്‍ തുടങ്ങുകയാണ് ഇയാള്‍ ചെയ്തത്. ഒപ്പം കോണ്‍ഗ്രസ് നേതാവിനേയും കൂട്ടി. വിശ്വാസ്യതയ്ക്ക് പൊതുസമ്മതി ലഭിക്കുന്ന പദവികളിലും കയറിപറ്റി. ഇതിനൊപ്പം പ്രമുഖരുമൊത്തുള്ള ഫോട്ടോകൾ ഫെയ്സ്ബുക്കിലിട്ടും, നാടുനീളെ ഫ്ലക്സ്ബോർഡുകൾ വച്ചും നാട്ടുകാരുടെ കണ്ണിൽപൊടിയിടാനും ശ്രമംനടത്തിപ്പോന്നു. (അത്തരം ചിത്രങ്ങളിൽ ചിലതാണ് ഈ റിപ്പോർട്ടിനൊപ്പം ചേർക്കുന്നത്.)
വിദേശത്തേക്ക് തൊഴില്‍ അന്വേഷിച്ച് പോയ സുന്ദര്‍ മേനോന്‍ 1986 മുതല്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്തു. ഖത്തറില്‍ നിന്നായിരുന്നു തുടക്കം. 1990ല്‍ ദോഹയിലെ ഒരു ബ്രിട്ടീഷ് ഓയില്‍ ഫീല്‍ഡ് സര്‍വീസ് കമ്പനിയില്‍ ബിസിനസ് എക്‌സിക്യൂട്ടീവായി. 1999ലാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. പെട്രോകെമിക്കല്‍സ്, പ്രകൃതിവിഭവങ്ങള്‍, ഗതാഗതം, റിയല്‍ എസ്റ്റേറ്റ് എന്നിവയായിരുന്നു സണ്‍ ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. യുഎഇ, ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇതെല്ലാമാണ് 2016ല്‍ പ്രവാസി വ്യവസായി എന്ന നിലയില്‍ പത്മശ്രീ ലഭിച്ചപ്പോള്‍ പ്രസിദ്ധീകരിച്ച പ്രൊഫൈലില്‍ പറഞ്ഞിരുന്നത്.
പത്മശ്രീ ലഭിച്ചതിനു പിന്നാലെയാണ് നിക്ഷേപ തട്ടിപ്പിന് സുന്ദര്‍ മേനോന്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത്. 2016 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കൂടിയായതോടെ നിക്ഷേപം ഒഴുകിയെത്തി. അഞ്ചു വര്‍ഷത്തെ കാലാവധി പറഞ്ഞാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. കാലാവധി കഴിഞ്ഞ് പണം ലഭിക്കാതെ വന്നതോടെ പരാതികള്‍ ഉയര്‍ന്നു. ആദ്യം നിക്ഷേപം ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു. വീണ്ടും ആവശ്യപ്പെട്ട് വന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കി. എന്നാല്‍ പരാതി വ്യാപകമായതോടെ സ്ഥാപനത്തിലെ സ്ഥാനങ്ങള്‍ രാജിവച്ച് രക്ഷപ്പെടാനുള്ള ശ്രമവും സുന്ദര്‍ മേനോന്‍ നടത്തി. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചതോടെയാണ് കേസന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എത്തിയത്.
ഇരട്ടിയായി തിരികെ നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ച് പണം നിക്ഷപിച്ച രോഗികളടക്കം നട്ടംതിരിയുമ്പോള്‍ തൃശൂര്‍ ശോഭ സിറ്റിയിലെ ആഡംബര ഫ്‌ളാറ്റിലായിരുന്നു സുന്ദര്‍ മേനോന്റെ ജീവിതം. ഇയാളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബഡ്‌സ് ആക്ട് (2019) പ്രകാരം കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ ഈ പത്മശ്രീ ജേതാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്മശ്രീ തിരികെ എടുക്കണമെന്ന പരാതിയും രാഷ്ട്രപതിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇതില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് വിശ്വാസികളും ഭാരവാഹികളുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here