മധ്യപൂര്‍വദേശത്തെ സംഘര്‍ഷം പൂര്‍ണയുദ്ധത്തിന് വഴിമാറുമോ? ആശങ്ക ശക്തം; ലബനന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്
പേജര്‍ കൂട്ടക്കൊലയും പിന്നാലെ വന്ന വാക്കിടോക്കി സ്ഫോടനങ്ങളും മരണങ്ങളും മധ്യപൂര്‍വദേശത്തെ സ്ഥിതിഗതികള്‍ സംഘര്‍ഷാത്മകമാക്കിട്ടുണ്ട്. മേഖല ഒരു പൂര്‍ണയുദ്ധത്തിലേക്ക് മാറുമോ എന്ന ആശങ്കയും ശക്തമാണ്. പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കി കൂടി ലബനനില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. പേജര്‍ സ്ഫോടനങ്ങളില്‍ 12പേര്‍ കൊല്ലപ്പെടുകയും 2800ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാക്കിടോക്കി പൊട്ടിത്തെറിച്ച് 14പേര്‍ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രയേലിനെതിരെ തിരിച്ചടിക്കും എന്നാണ് ഹിസ്‌ബുല്ല മുഴക്കിയ ഭീഷണി. ഇസ്രയേല്‍ നടപടി യുദ്ധത്തിന് സാധ്യത വര്‍ധിപ്പിച്ചതായി റഷ്യ പ്രതികരിച്ചിട്ടുണ്ട്. മധ്യപൂർവദേശത്തെ പൂർണയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ജോർദാൻ ആരോപിച്ചിട്ടുണ്ട്. ഇസ്രയേലിനു മുന്നറിയിപ്പൂമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും രംഗത്തുണ്ട്.
ലബനന് മരുന്നുകളും സഹായവുമായി ഇറാഖ് സൈനിക വിമാനം ബെയ്റൂട്ടിലെത്തിയിട്ടുണ്ട്. തുർക്കി, ഇറാൻ, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു. ഇസ്രയേലിനെതിരെ ഈ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ലബനന് പിന്നില്‍ അണിനിരന്നേക്കും എന്ന് സൂചനയുണ്ട്. ഇസ്രയേല്‍ ആക്രമിക്കപ്പെട്ടാല്‍ സഹായവുമായി അമേരിക്കയും എത്തിയേക്കും. മധ്യപൂര്‍വദേശത്ത് യുദ്ധമേഘങ്ങളാണ് പടരുന്നത്.
പേജറുകള്‍ നിര്‍മിച്ച ഗോൾഡ് അപ്പോളോ എന്ന തയ്‌വാന്‍ കമ്പനി ഉത്തരവാദിത്തം ഒഴിഞ്ഞിട്ടുണ്ട്. ഗോൾഡ് അപ്പോളോ നിർമിക്കുന്ന തരത്തിലുള്ളതല്ല പൊട്ടിത്തെറിച്ച പേജറുകളെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പിലെ കമ്പനിക്ക് അപ്പോളോ ഗോള്‍ഡിന്റെ ബ്രാന്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആ കമ്പനിയാണ് പേജര്‍ നിര്‍മിച്ചത് എന്നാണ് ഗോൾഡ് അപ്പോളോ പറയുന്നത്. പേജര്‍ നിര്‍മിച്ചതായി പറയുന്ന ഹംഗറി കമ്പനിയായ ബിഎസി കൺസൽറ്റിങ് കെഎഫ്ടിയുടെ ആസ്ഥാനം അന്വേഷിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
അന്വേഷിച്ചെത്തിയ മാധ്യമപ്രവർത്തകർ കണ്ടെത്തിയത് ആൾപ്പാർപ്പുള്ള മേഖലയിലെ ഒരു കെട്ടിടമാണ്. കെട്ടിടത്തിലെ ഗ്ലാസ് വാതിലിലാണ് സ്ഥാപനത്തിന്റെ പേരെഴുതിയിരുന്നത്. കുറെ കമ്പനികളുടെ ആസ്ഥാനം എന്നതല്ലാതെ മറ്റൊരു വിവരവും സ്ഥാപനത്തിലുള്ളവര്‍ കൈമാറിയില്ല. ഇതെല്ലാം പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ വലിയ ആസൂത്രണം നടന്നു എന്നതിന്റെ തെളിവായി മാറുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here