കശ്മീരികളുടെ കരുതൽ പറഞ്ഞ് ആരതി; ‘ദുരന്തമുഖത്ത് സഹോദരങ്ങളെ പോലെ അവർ ചേര്‍ത്തുപിടിച്ചു…’ ഉറഞ്ഞുതുള്ളി മതവാദികള്‍

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതി അന്നത്തെ അനുഭവങ്ങള്‍ പറയുന്നത് വിറയലോടെയാണ്. ഭീകരര്‍ വെടിവച്ചതും മക്കളേയും ചേര്‍ത്തു പിടിച്ച് ഓടി രക്ഷപ്പെട്ടതുമെല്ലാം ആരതി പറഞ്ഞു. ഒപ്പം കാശ്മീരികളുടെ സ്‌നേഹവും കരുതലും വ്യക്തമാക്കി. കാശ്മീരില്‍ യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവറായ മുസാഫിറും സമീറും അച്ഛൻ കൊല്ലപ്പെട്ട ശേഷം തന്നോട് കാട്ടിയ പരിഗണനയെക്കുറിച്ച് ആണ് ആരതി പറഞ്ഞത്.
അച്ഛനെ കണ്‍മുന്നില്‍ നഷ്ടമായപ്പോള്‍ പതറിപ്പോയ ആരതിക്ക് എല്ലാ സഹായവും ചെയ്തത് ഇവരാണ്. അച്ഛന്റെ മരണം അമ്മയെ അറിയിക്കാതെ നാട്ടിലെത്തിക്കാനും മക്കളെ സുരക്ഷിതരാക്കാനും എല്ലാ സഹായവും ചെയ്തു. പുലര്‍ച്ചെ മൂന്ന് വരെ മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരുന്നപ്പോഴും ഒരു അനുജത്തിയെ പോലെ ഇവർ ഒപ്പംനിന്നു. അച്ഛനെ നഷ്ടമായ മണ്ണില്‍ തനിക്ക് രണ്ട് സഹോദരന്‍മാരെ കിട്ടിയെന്നാണ് കശ്മീരിൽ നിന്ന് വിമാനം കയറുമ്പോൾ അവരോട് പറഞ്ഞതെന്നും ആരതി വിശദീകരിച്ചു.
വിനോദ സഞ്ചാരികളെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷിക്കാന്‍ അവരുടെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ വെടിയേറ്റ് മരിച്ച കുതിര സവാരിക്കാരൻ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ വിവരങ്ങളും പുറത്തു വന്നിരുന്നു. സഞ്ചാരികളെ രക്ഷിക്കാൻ ആക്രമണം നടക്കുമ്പോൾ തന്നെ നാട്ടുകാരിൽ പലരും ഓടിയെത്തിയ അനുഭവം രക്ഷപെട്ട പലരും ഒരുപോലെ പറഞ്ഞിരുന്നു. കാശ്മീരിലെ സാധാരണക്കാരുടെ സ്‌നേഹത്തിന്റെ കഥകളായാണ് ഇതെല്ലാം ആഘോഷിക്കപ്പെട്ടത്.
എന്നാല്‍ ഇതിനോട് തികഞ്ഞ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഒരുകൂട്ടർ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് ഇവര്‍ ആരതിയെ വിമര്‍ശിക്കുന്നത്. അച്ഛനെ നഷ്ടമായതില്‍ മകള്‍ക്ക് വിഷമമില്ലെന്നും മുസ്ലിം സഹോദരങ്ങളെ കിട്ടിയതില്‍ സന്തോഷിക്കുകയാണ് എന്നെല്ലാം പറഞ്ഞാണ് ഇവരുടെ വിമര്‍ശനം. കാശ്മീരികൾ, പ്രത്യേകിച്ച് അവിടുത്തെ മുസ്ലിം വിഭാഗം ആകമാനം മതവാദികളാണെന്ന് വരുത്തിതീർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്ന എതിർവാദവും ഇതോടെ ഉയരുകയാണ്.
ദാരുണമായ ഒരു ദുരന്തത്തിന് ഇരകളായവരെ വീണ്ടും ഇരയാക്കുന്ന പ്രചാരണമാണ് പഹൽഗാമിനെച്ചൊല്ലി ഇപ്പോൾ സജീവമാകുന്നത്. അതും നേരിട്ട ദുരന്തത്തെക്കുറിച്ച് വിവരം ആരാഞ്ഞ മാധ്യമങ്ങളോട് സംയമനത്തോടെ സംസാരിച്ചതിൻ്റെ പേരിൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here