വിശ്വപൗരന്റെ ബിജെപി ‘പതപ്പിക്കല്‍’ ഇനി വേണ്ട; ഇടത്തരം നേതാക്കളെ ഇറക്കി ചുട്ട മറുപടി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പണി തുടങ്ങി

ചോറിങ്ങും കൂറങ്ങുമായി നില്‍ക്കുന്ന ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ പണി തുടങ്ങി. ബിജെപിയെ സുഖിപ്പിക്കാന്‍ മാത്രം ഇടക്കിടെ പ്രസ്താവന ഇറക്കുന്ന തരൂരിന് പുറത്തേക്കുള്ള വഴി കാണിക്കാനാണ് ശ്രമം. ദലിത് ആക്ടിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജിനെ ഇറക്കിയാണ് ആ പ്രവര്‍ത്തനത്തിന് ഹൈക്കമാന്‍ഡ് തുടക്കം കുറിച്ചത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു, അതിന് ഉദിത് രാജ് നല്‍കിയ മറുപടിയില്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ‘തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണോ അതോ ബിജെപിയിലാണോ? അദ്ദേഹം ഒരു സൂപ്പര്‍-ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോ’ എന്നാണ് ഉദിത് രാജ് ചോദിച്ചത്. തരൂരിനെ ഇനി ചുമക്കേണ്ട എന്ന കൃത്യം സന്ദേശമാണ് എഐസിസി നല്‍കുന്നത്.

കോണ്‍ഗ്രസില്‍ ഇനി നിന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ വന്നു തുടങ്ങിയതോടെ ലോക്‌സഭാംഗമായ ഡോ ശശി തരൂര്‍ പാര്‍ട്ടി നിലപാടുകളെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നത് പതിവാക്കി. ഏറ്റവും ഒടുവില്‍ പഹല്‍ഗാം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി യയും രക്ഷപ്പെടുത്തുന്ന ഡയലോഗ് അടിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ‘വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ല. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടത്. വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണ്’ ഇതാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞത്.

വെറുമൊരു കോണ്‍ഗ്രസ് എംപി മാത്രമല്ല തരുര്‍, മറിച്ച് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ വര്‍ക്കിംങ് കമ്മറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയാണ്. പഹല്‍ഗാം തീവ്രവാദി ആക്രമണം മുന്‍കൂട്ടി അറിയുന്നതില്‍ ഇന്റലിജന്‍സ് സംവിധാനം പാടെ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചപ്പോഴാണ് തരുരിന്റെ ഈ യൂ ടേണ്‍.

ഒരു വര്‍ഷത്തില്‍ അധികമായി തരൂര്‍ തുടരുന്ന മോദി, ബിജെപി ‘പതപ്പിക്കല്‍’ ലൈന്‍ ഇനി അധികം വകവെച്ചു കൊടുക്കേണ്ട എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തി എന്നതിന്റെ പ്രത്യക്ഷ സൂചനയാണ് ഉദിത് രാജിന്റെ പ്രസ്താവന. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ മുന്‍ എംപിയാണ്. 2019 മുതല്‍ അദേഹം കോണ്‍ഗ്രസിലാണ്. നിലവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദളിത്, ഒബിസി, ന്യൂനപക്ഷ, ആദിവാസി സംഘടനകളുടെ (ഡോമ പരിസംഘ്) ദേശീയ ചെയര്‍മാന്‍ കൂടിയാണ്. വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തരൂരിനെ വിമര്‍ശിച്ചത്.

തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണോ അതോ ബിജെപിയിലാണോ? എന്ന നേരിട്ടുള്ള ചോദ്യമാണ് ഉദിത് രാജ് ഉന്നയിച്ചത്. ബിജെപി തരൂരിനെ അവരുടെ വക്താവായി നിയമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഉദിത് എപ്പോഴാണ് സര്‍ക്കാര്‍ പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നതെന്നും ആരാഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ വര്‍ക്കിംഗ് കമ്മറ്റി അംഗമായ തരുരിനെ വിമര്‍ശിക്കാന്‍ രണ്ടാം നിര നേതാവായ ഉദിത് രാജ് ഇറങ്ങിപ്പുറപ്പെടില്ല എന്ന് ഉറപ്പാണ്. തരുരിന്റെ വിലപേശല്‍ തന്ത്രത്തിന് വഴങ്ങേണ്ടതില്ലെന്ന കൃത്യം സൂചനയും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന കൃത്യം നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന സൂചനയാണ് പുറത്തു വന്നത്.

രണ്ട് വള്ളത്തില്‍ ചവിട്ടിയുള്ള തരുരിന്റെ രാഷ്ട്രീയ നിലപാടുകളോട് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് നേതൃത്വം. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയതിനെതിരെ കെപിസിസിയും യുഡിഎഫും അതിശക്തമായി പ്രതിഷേധമുയര്‍ത്തിയിട്ടും സ്ഥലം എംപിയായ ശശി തരുര്‍ പ്രതികരിച്ചിട്ടില്ല.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം വേണ്ട എന്ന അദ്ദേഹത്തിന്റെ നിലപാടിനോട് കെപിസിസി ഒരിക്കലും യോജിച്ചിട്ടില്ല. രക്ത സാക്ഷി പരിവേഷം നല്‍കി തരുരിനെ പുറത്താക്കുന്നില്ല, മറിച്ച് തന്നെ ഇറങ്ങിപ്പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. പോകുന്ന പോക്കില്‍ ഇത്തരം നേതാക്കളെ ഇറക്കി തരുരിനിട്ട് പണി കൊടുക്കാനും കോണ്‍ഗ്രസ് ആലോചിച്ച് ഉറപ്പിച്ച മട്ടാണ്. ഉദിത് രാജിന്റെ കട്ട ഡയലോഗ് അതാണ് നല്‍കുന്ന സൂചന. ഡബിള്‍ റോള്‍ അഭിനയം അനുവദിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കിയ സാഹചര്യത്തില്‍ ശശിതരൂരിന് ഇനി അധിക കാലം കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top