സിന്ധു നദീജലക്കരാര്‍ റദ്ദാക്കല്‍ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; യുദ്ധകാലത്ത് പോലും സ്വീകരിക്കാത്ത നടപടി; പാകിസ്ഥാന്റെ അടിവേര് അറക്കും

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിലുള്ള തിരിച്ചടികളില്‍ ഏറ്റവും പ്രധാനം സിന്ധു നദീജലകരാര്‍ മരവിപ്പിക്കുന്നതാണ്. പാകിസ്ഥാന്റെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്കായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവുമാകും ഈ തീരുമാനത്തിലൂടെ പാകിസ്ഥാന് അനുഭവിക്കേണ്ടി വരിക.

1960ല്‍ നിലവില്‍ വന്നതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജലകരാര്‍. ഇന്ത്യാ പാക് യുദ്ധം നടന്നപ്പോള്‍ പോലും ഈ കരാര്‍ ഇന്ത്യ പാലിച്ചിരുന്നു. എന്നാല്‍ കാശ്മീരില്‍ കടന്ന് നിരപരാധികളായ വിനോദസഞ്ചാരികളെ വെടിവച്ച് കൊന്നത് ഒരുതരത്തിൽ സഹിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് സുപ്രധാനമായ ഈ കരാര്‍ മരവിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ നല്‍കുന്നത്.

ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ വന്നതാണ് ഈ കരാര്‍. ഇതുപ്രകാരം സിന്ധു നദിയുടെ ഭാഗമായ കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും. ഇരു രാജ്യങ്ങള്‍ തമ്മില്‍ ജലം പങ്കുവയ്ക്കുന്നതിലും കരാറില്‍ കണക്കുണ്ട്. . പാക്കിസ്ഥാന് 99 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവുമാണ് ലഭിച്ചിരുന്നത്. ഇത് റദ്ദാക്കുന്നതോടെ പാകിസ്ഥാന്‍ പാടെ തകരും.

പാകിസ്ഥാന്റെ പ്രധാന ജലസ്രോതസാണ് ഇന്ത്യയുടെ തീരുമാനത്തോടെ അടയുന്നത്. ജലസേചനത്തിനും കൃഷിക്കുമടക്കം ഉപയോഗിക്കുന്ന ജലം ലഭിക്കാതെ വന്നാല്‍ കടുത്ത വരള്‍ച്ചയും ഭക്ഷ്യ ക്ഷാമവുമാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്. ജനം പട്ടിണിയിലായാല്‍ അത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറും എന്നും ഉറപ്പാണ്.

എന്നാല്‍ ഇതെല്ലാം അടിയന്തരമായി ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങളല്ല. പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടയാന്‍ നിലവില്‍ ഇന്ത്യക്ക് സംവിധാനങ്ങളില്ല. ഇത് ഘട്ടം ഘട്ടമായി മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കരാറില്‍ നിന്നും പിന്‍മാറുന്നതിലൂടെ നദിയിലെ ജലപ്രവാഹം സംബന്ധിച്ചുളള മുന്നറിയിപ്പ് അടക്കം പാകിസ്ഥാന് കൈമാറില്ല. ഇത് വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകും. ഒപ്പം വരള്‍ച്ച കണക്കിലെടുത്തുളള മുന്‍ ഒരുക്കങ്ങളേയും ബാധിക്കും. ഇതാണ് വേഗത്തില്‍ ഇന്ത്യക്ക് നടപ്പാക്കാന്‍ കഴിയുന്ന കാര്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top