സഹകരണബാങ്ക് സെക്രട്ടറി ഒളിവിൽ; സ്വര്‍ണവും പണവുമായി പായിപ്പാട് സംഘം വെട്ടിച്ചത് 3 കോടി; പ്രസിഡന്റടക്കം രണ്ടുപേർ അറസ്റ്റിലായത് കഴിഞ്ഞയാഴ്ച
കോട്ടയം: സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിൻ്റെ സുരക്ഷയിൽ കടുത്ത ആശങ്കയുയർത്തി മറ്റൊരു സഹകരണ തട്ടിപ്പിന്റെ കഥ കൂടി പുറത്ത്. മൂന്ന് കോടിയുടെ ക്രമക്കേടാണ് കോട്ടയം പായിപ്പാട് സെന്‍ട്രല്‍ സർവീസ് സഹകരണ ബാങ്കിൽ നടന്നത്. സഹകരണ വകുപ്പിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തതോടെ സ്ഥലംവിട്ട സെക്രട്ടറി ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു. അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് ഇ.പി.രാഘവൻപിള്ള (70), മുൻ ജീവനക്കാരൻ ഗോപാലകൃഷ്ണപിള്ള (75) എന്നിവര്‍ ജാമ്യത്തിലിറങ്ങി.
ഇടപാടുകാരുടെ സ്ഥിരനിക്ഷേപങ്ങള്‍ അടിച്ചുമാറ്റുകയും ഈടുവച്ച സ്വര്‍ണം മറ്റ് ബാങ്കുകളില്‍ പണയം വെച്ച് പണം തട്ടുകയുമാണ് ചെയ്തതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. സെക്രട്ടറി കെഎൻ ബിന്ദുമോള്‍, തൻ്റെ സഹോദരന്‍ കെ.എന്‍.സുഭാഷിന്റെ പേരിലും ജീവനക്കാരൻ ഗോപാലകൃഷ്ണപിള്ളയുടെ പേരിലുമാണ് പണയസ്വർണം മറ്റ് ബാങ്കുകളിൽ പണയംവച്ചത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. വഞ്ചനാക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കരുവന്നൂര്‍, കണ്ടല തുടങ്ങി സര്‍വീസ് സഹകരണ ബാങ്കുകളില്‍ ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയവര്‍ക്കൊന്നും പണം തിരികെ ലഭിച്ചിട്ടില്ല. നിക്ഷേപകർ പരിഭ്രാന്തിയിൽ തുടരുമ്പോള്‍ തന്നെയാണ് പായിപ്പാട് സഹകരണബാങ്കിലെ ക്രമക്കേടും വെളിയില്‍ വരുന്നത്.
പുതിയ ഭരണസമിതി ഇക്കഴിഞ്ഞ ജൂണിൽ അധികാരമേറ്റശേഷം ആഭ്യന്തര ഓഡിറ്റ് നടത്തിയതോടെയാണ് വൻ തട്ടിപ്പുകൾ പുറത്തുവന്നത്. ഇതിലെല്ലാം ബാങ്ക് സെക്രട്ടറി പങ്കാളിയാണെന്നും കണ്ടെത്തി. കഴിഞ്ഞ മുപ്പത് വര്‍ഷമായി കോണ്‍ഗ്രസ് നേതാവായ ഇ.പി.രാഘവൻപിള്ളയാണ് ബാങ്ക് ഭരണസമിതി പ്രസിഡന്റ്. ബാങ്കിന് വേറെ ശാഖയില്ല. കെ.എൻ.ബിന്ദുവിനെ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്.
ജി.സുധാകരന്‍ ഭരിക്കുന്ന സമയം മുതല്‍ ബാങ്കിലെ ക്രമക്കേടുകള്‍ വെളിയില്‍ വന്നതായാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. “ഏതൊക്കെയോ വിധത്തില്‍ അവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇതേ പരാതികള്‍ വീണ്ടും വന്നു. ആരോപണത്തെ തുടര്‍ന്നാണ് ഈയിടെ രാഘവന്‍ പിള്ള ഒഴിഞ്ഞത്. നിക്ഷേപം നഷ്ടമായവര്‍ പരക്കംപായുകയാണ്. ലക്ഷങ്ങള്‍ ബാങ്കില്‍ നിക്ഷേപം നടത്തിയതിന് അവരുടെ കയ്യില്‍ രേഖയുണ്ട്. എന്നാല്‍ ബാങ്കില്‍ രേഖയില്ല. വന്‍ തട്ടിപ്പാണ് നടന്നത്.” മോഹനന്‍ പറഞ്ഞു.
എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ:
പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയായി ജോലി ചെയ്തുവരുന്ന 22-09-22 മുതല്‍ 20-02-23വരെയുള്ള കാലയളവില്‍ ചിട്ടിപ്പണം എടുക്കുന്നതിനായി ഇടപാടുകാര്‍ ഏല്‍പ്പിച്ചിരുന്ന 330 ഗ്രാം 82 മില്ലിഗ്രാം സ്വര്‍ണം പ്രതി വിശ്വാസവഞ്ചന നടത്തി പ്രതിയുടെ സഹോദരന്‍ കെ.എന്‍.സുഭാഷിന്റെ പേരില്‍ കാത്തലിക് സിറിയന്‍ ബാങ്ക് നാലുകോടി ശാഖയിലും പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ്റ് ഗോപാലകൃഷ്ണപിള്ളയുടെ പേരില്‍ കേരള ബാങ്ക് പായിപ്പാട് ശാഖയിലും പണയം വെപ്പിച്ച് 12,65,000 രൂപ കൈവശപ്പെടുത്തി. പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിന് 330 ഗ്രാം 82 മില്ലിഗ്രാം സ്വര്‍ണത്തിന്റെ വിലയായ .18,02,969 രൂപ നഷ്ടമുണ്ടാക്കി. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മത്സ്യഫെഡ് ഔട്ട്‌ലെറ്റ്, ആയുര്‍വേദ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനം ബാങ്കിന്റെ കണക്കില്‍പ്പെടുത്താതെ മോഷ്ടിച്ച് ബാങ്കിനേയും സഹകാരികളെയും വഞ്ചിച്ചു-എഫ്ഐആര്‍ പറയുന്നു.
“സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം നടക്കുന്നത്. മുന്‍ പ്രസിഡന്റ് രാഘവൻപിള്ള, ജീവനക്കാരന്‍ ഗോപാലകൃഷ്ണപിള്ള എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് മുന്‍ സെക്രട്ടറി ബിന്ദു ഒളിവിലാണ്. അവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്”- തൃക്കൊടിത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് ജി. മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here