ജമ്മു കശ്മീരിന് വേണ്ടി വീണ്ടും പാകിസ്താൻ; ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ജമ്മു കശ്മീരിന് പ്രത്യേക പദവി തിരികെ നൽകി ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് ശക്തമായ താക്കീത് നല്‍കി ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അനുസരിച്ച് എങ്ങനെ, എവിടെ തുടരണമെന്നുള്ള ജനങ്ങളുടെ മനസറിയൻ ജമ്മു കശ്മീരിൽ ഒരു ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പാക്‌ പ്രധാനമന്ത്രി യുഎന്‍ പൊതൂസഭയില്‍ പറഞ്ഞു. ഭീകരവാദം ഉന്മൂലനം ചെയ്യാത്തിടത്തോളം പാക്കിസ്താനുമായി ഒരു ചർച്ചക്കുമില്ലെന്ന് ഇന്ത്യയുടെ പ്രതിനിധി ഭാവിക മംഗളാനന്ദൻ ഷഹ്ബാസിന് മറുപടി നൽകി.

ജനഹിത പരിശോധന വേണമെന്ന് പറയുന്ന പാകിസ്താൻ ജമ്മു കശ്മീരിൽ നടത്തുന്ന ജനാധിപത്യ പ്രക്രീയ തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണ്. ഭീകരവാദം, മയക്കുമരുന്ന്, അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കുപ്രസിദ്ധി നേടിയ ഒരു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഉപദേശിക്കാൻ വരുന്നതെന്ന് ഭാവിക ചൂണ്ടിക്കാട്ടി.


പാകിസ്താൻ ഭീകരരെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് ഭാവിക ചൂണ്ടിക്കാട്ടി. ഇപ്പോൾ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമം. അതിർത്തികടന്നുള്ള ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നൽകും. ഇന്ത്യക്കെതിരെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ അത് വലിയ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തുമെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

മുംബൈ ഭീകരാക്രമണം, പാർലമെൻ്റ് ആക്രമണം എന്നിവയടക്കം നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഭാവികയുടെ മറുപടി. ലോകമെമ്പാടുമുള്ള നിരവധി ഭീകരാക്രമണങ്ങളിൽ പാകിസ്താന് പങ്കുണ്ട്. അൽഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണ് പാകിസ്താൻ. നുണകൾ ഉപയോഗിച്ച് സത്യത്തെ നേരിടാണ് പാക് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ഭാവികപറഞ്ഞു. എന്നാൽ ഇന്ത്യയുടെ മറുപടി അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഷഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. കാശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top