ഇന്ത്യയുടെ മൂക്കിന് താഴേക്ക് പാക്-ചൈനീസ് കപ്പലുകൾ; ഇനി ബംഗാൾ ഉൾക്കടലിൽ പാക്കിസ്ഥാന് സ്വൈര്യവിഹാരം; ബംഗ്ലാദേശിൻ്റെ പുതിയ സുഹൃത്തുക്കൾ തലവേദനയാകുമ്പോൾ…

ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിൻ്റെ ഇടക്കാല സർക്കാരും പാക്കിസ്ഥാനുമായുള്ള ബന്ധം ശക്തമാകുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നു. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര, സമുദ്രബന്ധങ്ങൾ ശക്തമാകുന്നതാണ് കാരണം. കറാച്ചിയിൽ നിന്നുള്ള രണ്ടാമത്തെ ചരക്ക് കപ്പൽ ഈ ആഴ്ച തന്നെ ചിറ്റഗോംഗ് തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

കറാച്ചിയിൽ നിന്നും പുറപ്പെട്ട ‘എംവി യുവാൻ സിയാങ് ഫാ ഴാൻ’ ഇന്ന് ഉച്ചയോടെ ബംഗ്ലാദേശിൻ്റെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചതായി ബംഗ്ലാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഹമ്മദ് യൂനസ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഈജിപ്തിലെ കെയ്‌റോയിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര -നയതന്ത്ര ബന്ധങ്ങള്‍ ദൃഡമാക്കുന്നതിന്‍റെ ഭാഗമായിരുന്നു ചര്‍ച്ച.


പാകിസ്ഥാനിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശിലെ വ്യാപാരികൾ നിർബന്ധിതരാവുകയാണെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചിറ്റഗോംഗ്, മോംഗ്ല തുറമുഖങ്ങളിലേക്ക് ഇന്ത്യക്ക് പ്രവേശനം നൽകിയ ഇന്ത്യ-ബംഗ്ലാദേശ് ഷിപ്പിംഗ് ഉടമ്പടി പുനഃപരിശോധിക്കാൻ ബംഗ്ലാദേശിൻ്റെ ഷിപ്പിംഗ് മന്ത്രാലയം ആലോചിക്കുന്നതായും ദ ഇക്കണോമിക് ടൈംസ് വെളിപ്പെടുത്തി.


ബംഗാൾ ഉൾക്കടലിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഒരു ഡോക്കിംഗ് സൈറ്റാണ് ചിറ്റഗോംഗ് തുറമുഖം. രാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള ബന്ധം ചിറ്റഗോംഗ് തുറമുഖത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യ ഉപയോഗിച്ചിരുന്നു. അവിടെ നിന്നും 2004ൽ ഏകദേശം 1,500 പെട്ടി ചൈനയിൽ നിന്നും എത്തിച്ച വെടിമരുന്ന് ഇന്ത്യ കണ്ടുകെട്ടിയിരുന്നു.

ഏകദേശം 4.5-7 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന വെടിമരുന്നിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐഎസ്ഐ) ആയിരുന്നു. ഇന്ത്യയിലെ നിരോധിത തീവ്രവാദ സംഘടനയായ ഉൾഫക്ക് (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) വിതരണം ചെയ്യാനാണ് എത്തിച്ചിരുന്നത്.

പാക്കിസ്ഥാനുമയുള്ള ബന്ധം ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദത്തിനെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ഇന്ത്യ ആശങ്കപ്പെടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമത ഗ്രൂപ്പുകൾക്ക് ഇത് ശക്തി പകരുമെന്നും ഇന്ത്യ കരുതുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ചരക്കുകൾ അധികൃതർ നേരിട്ട് പരിശോധിക്കണമെന്ന വ്യവസ്ഥ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ബംഗ്ലാദേശ് നീക്കം ചെയ്തിരുന്നു. ഇത് പാക് കപ്പലുകൾക്ക് ചരക്കുകളുടെ ഭൗതിക പരിശോധന കൂടാതെ ചിറ്റഗോംഗ്, മോംഗ്ല തുറമുഖങ്ങളിലേക്ക് കടക്കാൻ വഴി തുറക്കും. ഇക്കഴിഞ്ഞ നവംബറിൽ, കറാച്ചിയിൽ നിന്നുള്ള ചൈനീസ് ചരക്ക് കപ്പൽ ‘എംവി യുവാൻ സിയാൻ ഫാ സോങ്’ ചിറ്റഗോംഗിൽ എത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top