‘ഇന്ത്യ കളിച്ചില്ലെന്നു കരുതി ക്രിക്കറ്റ് അവസാനിക്കില്ല’; തുറന്നടിച്ച് പാക്കിസ്ഥാൻ താരം
പാക്കിസ്ഥാനിലേക്ക് വരാൻ തയ്യാറായില്ലെങ്കിൽ, 2025 ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീം ഇല്ലാതെ സ്വന്തം മണ്ണിൽ കളിക്കാൻ തയ്യാറായി കഴിഞ്ഞതായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി. ഇന്ത്യയിലേക്ക് കളിക്കാൻ പാക്കിസ്ഥാൻ ടീം പോകുന്നുണ്ടെങ്കിൽ അവർക്കും ഇങ്ങോട്ടേക്ക് വരാമെന്ന് സമാ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പല ഇന്ത്യൻ താരങ്ങളും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിനർത്ഥം, പാക്കിസ്ഥാനിലേക്ക് വരാൻ ടീം ആഗ്രഹിക്കുന്നുവെന്നാണ്. അവർ അതിന് തയ്യാറാണ്. എന്നാൽ, അവർക്ക് അവരുടെ നയങ്ങളും രാജ്യവും അവരുടെ ബോർഡും പരിഗണിക്കേണ്ടതുണ്ടെന്നും അലി പറഞ്ഞു.
പിസിബി ചെയർമാൻ പറഞ്ഞതുപോലെ, ചാമ്പ്യൻസ് ട്രോഫി പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നതെങ്കിൽ അത് പാക്കിസ്ഥാനിൽ മാത്രമേ നടക്കൂ. ഇന്ത്യ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ കൂടാതെ ഞങ്ങൾ കളിക്കും. ഇന്ത്യ കളിച്ചില്ലെങ്കിൽ, അതിനർത്ഥം ക്രിക്കറ്റിന്റെ അവസാനം എന്നല്ലെന്നും അലി വ്യക്തമാക്കി.
2025 ലെ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ നടക്കുന്നത് പാക്കിസ്ഥാനിലാണ്. സുരക്ഷാ ഭീഷണിയെ തുടർന്ന് ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യയുടെ മൽസരങ്ങൾ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന ആവശ്യവും ബിസിസിഐ മുന്നോട്ടുവച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here