രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയെ അപലപിച്ച് പാകിസ്താന്‍; ഭീകരവാദികളെ പാക് മണ്ണില്‍ ആക്രമിക്കുമെന്ന് പറയുന്നത് പ്രകോപനപരമെന്ന് പാക് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാന്‍. ഇന്ത്യയില്‍ അക്രമം നടത്തിയ ശേഷം പാകിസ്താനിലേക്ക് രക്ഷപ്പെടുന്ന ഭീകരവാദികളെ അതിര്‍ത്തി കടന്ന് കൊലപ്പെടുത്തുമെന്ന പ്രസ്താവനയാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ ‘ദ ഡോണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
‘സി.എന്‍.എന്‍. ന്യൂസ് 18’-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം. 2019-ന് ശേഷം ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പാകിസ്താനില്‍ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിക്കുകയോ അവരുടെ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ആരെങ്കിലും ഇന്ത്യയെയോ അതിന്‍റെ സമാധാനത്തെയോ ഭീഷണിപ്പെടുത്തിയാൽ അവരെ വെറുതെ വിടില്ലെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിനെതിരേ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് തെറ്റാണെന്നും ഇന്ത്യാവിരുദ്ധ പ്രചാരണമാണെന്നുമായിരുന്നു മന്ത്രാലയം പറഞ്ഞത്.
പാകിസ്താനിലുള്ളവരെ ഇന്ത്യ സ്വന്തം താല്‍പര്യപ്രകാരം ഭീകരവാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ സംഗതിയാണ്. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമവിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യംചെയ്യണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here