യൂണിയൻ ചെയർപേഴ്സൺ സ്ഥാനത്ത് മുസ്ലിം വിദ്യാർത്ഥിനി; പാലാ അൽഫോന്‍സാ കോളേജിൽ 60 വര്‍ഷത്തെ ചരിത്രം തിരുത്തി ഫായിസ റഷീദ്

പ്രവർത്തനമാരംഭിച്ച ആറുപതിറ്റാണ്ടിനിടയിൽ ചരിത്രം സൃഷ്ടിച്ച് പാലാ അൽഫോൻസാ കോളേജ്. കോളേജ് യൂണിയൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനി ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രണ്ടാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥിനിയായ ഈരാറ്റുപേട്ട സ്വദേശിനി ഫായിസ റഷീദാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇഞ്ചക്കാട്ടിൽ കൊച്ചുമുഹമ്മദിന്റെ പൗത്രിയും ഹസീന റഷീദിന്റെ മകളുമാണ് ഫായിസ. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റും (എസ്പിസി) സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഗൈഡുമായിരുന്നു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസും ഫായിസ കരസ്ഥമാക്കിയിരുന്നു.

രാഷ്ട്രീയ പാർട്ടികളുടേയോ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടേയോ അടിസ്ഥാനത്തിൽ അല്ലാതെയാണ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തി വരുന്നത്. പാർലമെന്ററി സംവിധാനത്തിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ് പ്രതിനിധികളെ
തിരഞ്ഞെടുക്കുന്നതാണ് കോളേജിൽ അവലംബിക്കുന്ന രീതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് പ്രതിനിധികൾക്കിടയിൽ നിന്ന് ചെയർപേഴ്സൺ ഉൾപ്പെടെയുള്ള യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ആണ് ചെയ്യുന്നത്.

വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സജീവമല്ലെങ്കിലും കോളേജ് യൂണിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും കുട്ടികളുടെ സർഗശേഷിക്ക് പരമാവധി പ്രോത്സാഹനം നൽകുന്ന രീതിയിലുമാണ്. ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ 1964 മുതൽ പ്രവർത്തനം ആരംഭിച്ചതാണ് അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ് എന്ന സ്വപ്നമാണ് ആറ് പതിറ്റാണ്ട് മുമ്പ് അൽഫോൻസാ കോളേജിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top