പാല നഗരസഭയിൽ അവിശ്വാസ പ്രമേയം ഇന്ന്, ചെയർമാൻ ഐസിയുവിൽ!! കേട്ടുകേൾവിയില്ലാത്ത ഗതികേടിൽ കേരള കോൺഗ്രസ് പാർട്ടി

പാലാ നഗരസഭയിലെ കാര്യങ്ങൾ ചക്ക കുഴഞ്ഞ പോലെ ആകെ മൊത്തം കുഴഞ്ഞു മറിഞ്ഞു. യുഡിഎഫ് സ്വതന്ത്രാംഗം നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ചർച്ചക്ക് എടുക്കാനിരിക്കെ ചെയർമാൻ ഷാജി വി തുരുത്തൻ നെഞ്ചുവേദനയെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റായി. അവിശ്വാസം ചർച്ച ചെയ്യാനിരിക്കെ നഗരസഭാധ്യക്ഷൻ ആശുപത്രിയിലായത് പാർട്ടിയെ കൂടുതൽ കുഴപ്പത്തിലാക്കി. അല്ലെങ്കിൽ തന്നെ മുൻ ധാരണയനുസരിച്ച് സ്ഥാനമൊഴിഞ്ഞ് കൊടുക്കാനുള്ള നിർദേശം പോലും പാലിക്കാതെ കസേരയിൽ അള്ളിപ്പിടിച്ച് തുടരുന്നയാളാണ് ഷാജി വി തുരുത്തൻ.

ഇന്നലെ പുലർച്ചെ നെഞ്ചുവേദന ഉണ്ടായ ഷാജുവിനെ മരിയൻ മെഡിക്കൽ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്നാണ് കേരള കോൺഗ്രസ് നേതൃത്വം പറയുന്നത്. അവസാനത്തെ ഒമ്പത് മാസം കൗൺസിലർ തോമസ് പീറ്ററിന് ചെയർമാൻ സ്ഥാനം നൽകാൻ കരാർ ഉണ്ടായിരുന്നതായും തുരുത്തൻ്റെ സ്വന്തം പാർട്ടി കേരള കോൺഗ്രസ് ജില്ലാ നേതാക്കൾ പറയുന്നുണ്ട്. എന്നാൽ സ്വന്തം നേതാവിനോട് ഇപ്പോഴത് പറഞ്ഞിട്ട് മനസിലാകുന്നില്ല എന്ന വല്ലാത്ത ഗതികേടിലാണ് പാർട്ടി.

ജോസ് കെ മാണി അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തട്ടകത്തില്‍ തന്നെയുള്ള നഗരസഭയിലെ ചെയര്‍മാന്‍ പാർട്ടിക്ക് വഴങ്ങാത്തത് വലിയ നാണക്കേടായിരിക്കുകയാണ്. അവിശ്വാസ പ്രമേയം വരാനിരിക്കെ അവസാനവട്ട ചർച്ചകളുമായി മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ജനറൽ സെക്രട്ടറി ജോസ് ടോമും രംഗത്തിറങ്ങിയിട്ടുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രത്തിലെ തമ്മിലടി വരാനിരിക്കുന്ന പഞ്ചായത്ത് – മുനിസിപ്പൽ തിരത്തെടുപ്പുകളെ ബാധിക്കുമെന്ന പേടിയും പാർട്ടിക്കുണ്ട്.

അവിശ്വസ പ്രമേയത്തെ എൽഡിഎഫ് എതിർത്ത് തോൽപ്പിക്കും. പക്ഷെ ഉടനടി ചെയർമാൻ സ്ഥാനം രാജിവച്ച് ഒഴിഞ്ഞുകൊടുക്കണം എന്നാണ് മന്ത്രി റോഷിയുടെ ഒത്തുതീർപ്പ് നിർദ്ദേശം. ഇതിനൊന്നും വഴങ്ങാതെ നടക്കുന്ന തുരുത്തനെ എങ്ങനെ പൂട്ടും എന്നറിയാതെ കുഴങ്ങുകയാണ് നേതൃത്വം. ചെയർമാൻ്റെ വാക്കുപോലും മാനിക്കാത്ത തുരുത്തനെ പാർട്ടിയിൽ തുടരാൻ അനുവദിക്കണോ എന്നാണ്‌ പ്രധാന ചോദ്യം. ധാരണ പാലിക്കാത്ത ഷാജുവിനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ അതിനായി അവിശ്വാസത്തെ അനുകൂലിക്കുന്നത് ഭാവിയിൽ തിരിച്ചടിക്കുമെന്ന് നേതൃത്വം കരുതുന്നു.

26 അംഗ മുനിസിപ്പാലിറ്റിയിൽ ഭരണപക്ഷത്ത് കേരള കോൺഗ്രസ് (എം)-10, സിപിഎം-4 സിപിഐ-1 എന്നതാണ് കക്ഷിനില. സിപിഎമ്മിൽ നിന്ന് പുറത്താക്കാപ്പെട്ട ബിനു പുളിക്കക്കണ്ടവും ബിനുവിനൊപ്പമുള്ള ഷീബ‌ ജിയോയും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുകയോ കത്തിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല. യുഡിഎഫിൽ കോൺഗ്രസ്-5, കേരള കോൺഗ്രസ്-3, യുഡിഎഫ് സ്വതന്ത്രൻ-1 എന്നിങ്ങനെ 9 അംഗങ്ങളാണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top