തട്ടകത്തിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പോലും അനുസരിക്കുന്നില്ല; കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും സമാനതയില്ലാത്ത പ്രതിസന്ധിയില്‍

യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലെത്തി, പിന്നാലെ ചരിത്രം കുറിച്ച് മുന്നണിക്ക് ഭരണ തുടര്‍ച്ചയും. കേരള കോണ്‍ഗ്രസ് എം കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തി എന്ന് തോന്നിച്ചെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതി. പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ആകെ ആടിയുലഞ്ഞ അവസ്ഥയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനോ നയിക്കുന്നതിനോ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് കഴിയുന്നില്ല. തട്ടകമായ പാലയിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പോലും ജോസ് കെ മാണിയുടെ വാക്കിന് വില കല്‍പ്പിക്കാത്ത നിലയിലാണ്.

പാര്‍ട്ടിക്ക് നിലവില്‍ ഒരു രാജ്യസഭാ എംപിയും 5 എംഎല്‍എമാരും ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടെങ്കിലും അത് പാര്‍ട്ടി വളരുന്നതിന് സഹായകമാകുന്നില്ല. 5 എംഎല്‍എമാരുള്ള സ്ഥലത്ത് പോലും പാര്‍ട്ടിക്ക് വേരോട്ടം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നില്ല. നിലവില്‍ പൂര്‍ണ്ണമായും സിപിഎമ്മിന് കീഴ്‌പ്പെട്ട് മുന്നോട്ട് പോകേണ്ട അവസ്ഥ. കേരള കോണ്‍ഗ്രസ് കത്തോലിക്ക സഭയുടെ പിന്തുണയും ഇടതുപക്ഷത്തായതോടെ കുറയുന്ന സ്ഥിതിയാണ്. കെഎം മാണിക്ക് മെത്രാന്‍മാരുടെ അടുത്തു നിന്നും കിട്ടിയിരുന്ന ആദരവും വിലയും ജോസ് കെ മാണിക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം.

കെഎം മാണിയുടെ മരണ ശേഷം നടന്ന പാല ഉപതിരഞ്ഞെടുപ്പിലെ തോല്‍വി തന്നെ കേരള കോണ്‍ഗ്രസ് എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അതിനെ യുഡിഎഫിലേയും പിജെ ജോസഫില്‍ നിന്നുള്ള പാലം വലിക്കലും പറഞ്ഞാണ് ജോസ് കെ മാണിയും സംഘവും രക്ഷപ്പെട്ടത്. ഇതോടെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിച്ചു. എന്നിട്ടും പാലയില്‍ ജോസ് കെ മാണി തന്നെ തോറ്റു. അഞ്ച് എംഎല്‍എമാര്‍ നിയമസഭയിലും. യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായിരുന്ന കോട്ടയം സീറ്റ് എല്‍ഡിഎഫും അനുവദിച്ചു. എന്നാല്‍ സിറ്റിംഗ് എംപിയായിരുന്ന തോമസ് ചാഴിക്കാടന്‍ ദയനീയമായി തോറ്റു.

ആദ്യഘട്ടത്തില്‍ സിപിഎമ്മുമായി ഒത്തുപോകാന്‍ കഴിഞ്ഞെങ്കിലും മധുവിധു കാലം കഴിഞ്ഞതോടെ ആ സ്ഥിതി മാറി. പാല മുന്‍സിപ്പാലിറ്റിയില്‍ തന്നെ കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പ്രത്യക്ഷത്തില്‍ തന്നെ തര്‍ക്കവും പോലീസ് കേസും ഒക്കെയായി. പലയിടത്തും സമാനമായ അവസ്ഥ തന്നെയാണ്. ഇതിനിടയിലാണ് പാല മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉണ്ടാക്കിയ പ്രതിസന്ധി. ധാരണ അനുസരിച്ച് ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് ജോസ് കെ മാണി അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗീകരിച്ചില്ല. ഇതോടെ സ്വന്തം ചെയര്‍മാനെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് പുറത്താക്കേണ്ട ഗതികേടിലെത്തി.

യുഡിഎഫിലേക്ക് തന്നെ മടങ്ങണം എന്ന് അഭിപ്രായമുളള നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ മന്ത്രിയായ റോഷി അഗസ്റ്റിനും എംഎല്‍എമാരും ഇതിന് തയാറല്ലെന്നാണ് വിവരം. ജോസ് കെ മാണി അങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് വീണ്ടും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് കാരണമാകും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top