പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് സുരേന്ദ്രനോട് ചോദിക്കണമെന്നു ഗോപാലകൃഷ്ണന്‍; മേല്‍ക്കൂരയാണ് പ്രശ്നമെന്ന് ശിവരാജന്‍; ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട് എന്ന ശക്തികേന്ദ്രത്തിലെ വന്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. അണഞ്ഞുകിടക്കുന്ന ബിജെപി ഗ്രൂപ്പ് വഴക്കാണ് പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ശക്തമാകുന്നത്. പരാജയമെങ്കില്‍ അത് അയ്യായിരത്തില്‍ കുറവ് വോട്ടുകള്‍ക്ക് ആയിരിക്കുമെന്ന ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയതോടെയാണ് നേതൃത്വം നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ഒറ്റപ്പെടാന്‍ കാരണം.

18715 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കുറി നേടിയത്. ബിജെപി പരാജയം കനത്തതായി. ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പല്‍ ഏരിയകളില്‍ വോട്ട് കുറഞ്ഞതും നേതൃത്വത്തിന് വിശദീകരിക്കാന്‍ പ്രയാസമായി.

അടിത്തറയല്ല മേൽക്കൂരയാണ് പ്രശ്നമെന്നാണ് ഫലപ്രഖ്യാപനത്തിനുശേഷം ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജന്‍ പറഞ്ഞത്. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് ശിവരാജനായിരുന്നു. ചാനൽചർച്ചയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. തോൽവിയുടെ കാരണം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ബിജെപി ആരുടെയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്നാണ് സംസ്ഥാന സമിതിയംഗം സി.വി.സജനി ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപിയിലെ അതൃപ്തി മറനീക്കുകയാണ് എന്ന് ഇതെല്ലാം തെളിയിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.ശ്രീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് തോറ്റത് നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു. അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് സി.കൃഷ്ണകുമാര്‍ പരാജയപ്പെട്ടതെങ്കില്‍ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിന് പറഞ്ഞു നില്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ തോല്‍വി കനത്തതായതോടെയാണ് തൊടുന്യായങ്ങളുമായി നേതൃത്വത്തിന് രംഗത്തു വരേണ്ടി വന്നത്.

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ടു കുറയുന്നത് സാധാരണമാണ് എന്നാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ശ്രീധരന്റെ വ്യക്തിപ്രഭാവത്തിലാണ് വോട്ടുകള്‍ കൂടുതല്‍ ലഭിച്ചതെന്ന വിശദീകരണമാണ് സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ പറഞ്ഞത്. ഇതെല്ലാം നേതാക്കളും അണികളും തള്ളിക്കളയുകയാണ്.

ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി പാലക്കാട് പിടിച്ചെടുക്കാന്‍ നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. പാലക്കാട്ട് സ്വാധീനമുള്ള കൃഷ്ണകുമാറിനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. സന്ദീപ്‌ വാര്യര്‍ പ്രശ്നം പരിഹരിച്ച് സന്ദീപിനെ ഒപ്പം നിര്‍ത്തണമെന്നും പാര്‍ട്ടിയില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതും നേതൃത്വം സ്വീകരിച്ചിരുന്നില്ല.തോല്‍വി കനത്തതായതോടെയാണ് വിമര്‍ശനവും ശക്തമാകുന്നത്. പാലക്കാട് തോല്‍വിയുടെ പേരില്‍ സുരേന്ദ്രനെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം നേതൃമാറ്റമാണ്. അതുകൊണ്ട് തന്നെ ഔദ്യോഗിക പക്ഷം കരുതിയുള്ള നീക്കമാണ് നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top